സ്വന്തം ലേഖകന്‍: മൂക്കറ്റം കടത്തില്‍ മുങ്ങിയ ഓസ്ട്രിയയിലെ വിമാനക്കമ്പനി നിക്കി എയര്‍ലൈന്‍സ് അടച്ചുപൂട്ടി, വിദേശത്ത് കുടുങ്ങിയത് 5000 ത്തോളം യാത്രക്കാര്‍. ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സര്‍വീസായ നിക്കി എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ യാത്രയ്ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാരാണ് വഴിയാധാരമായത്.
മുന്‍കൂറായി ബുക്ക് ചെയ്തിരുന്ന 40,000 ടിക്കറ്റുകളും റദ്ദാക്കുകയും ചെയ്തു. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളുമുള്‍പ്പെടെ എയര്‍ലൈന്‍സിന്റെ 20 ഓളം വിമാനങ്ങളാണ് പറക്കല്‍ അവസാനിപ്പിച്ചത്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ എയര്‍ ബെര്‍ലിന്‍ എയര്‍ലൈന്‍സ് കമ്പനിയുടെ മറ്റൊരു യൂണിറ്റാണ് നിക്കി. മേഖലയിലെ വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരവും ഉയര്‍ന്ന പ്രവര്‍ത്തന ചിലവും കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വീഴ്ത്തുകയായിരുന്നു.
മുന്‍ ഓസ്ട്രിയന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നിക്കി ലൗഡയാണ് വിമാന കമ്പനിയുടെ സ്ഥാപകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല