സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഒരുങ്ങുന്നതായാണ് സൂചന. തീരുമാനം നിലവില്‍ വന്നാല്‍ ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ക്കും അത് കനത്ത തിരിച്ചടിയാകും.
അമേരിക്കന്‍ ഉല്പന്നങ്ങള് മാത്രം വാങ്ങുന്നതും നാട്ടുകാരെ മാത്രം ജോലിക്കെടുക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതിനു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏപ്രിലില്‍ ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ആലോചനയെന്നും ആഭ്യന്തര സുരക്ഷാ വകുപ്പു വ്യക്തമാക്കി. എച്ച് വണ്‍ ബി വീസക്കാരുടെ പങ്കാളികള്‍ക്ക് എച്ച് ഫോര്‍ ആശ്രിത വീസയില്‍ ജോലിചെയ്യാന്‍ അനുമതി ലഭിച്ചതു 2015 ല്‍, ബറാക് ഒബാമ യുഎസ് പ്രസിഡന്റായപ്പോഴാണ്.
എച്ച് വണ്‍ ബി വീസ പദ്ധതിയില്‍ മറ്റു ചില മാറ്റങ്ങളും വകുപ്പിന്റെ പരിഗണനിലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വീസയില്‍ യുഎസിലെത്തുന്നവര്ക്കുള്ള തൊഴില്‍ മേഖലകള്‍ നിര്‍വചിക്കുന്നതാകും പ്രധാനമാറ്റം. എച്ച് വണ്‍ ബി വീസ പ്രയോജനപ്പെടുത്തുന്നവരില്‍ 70% ഇന്ത്യക്കാരാണ്. ഇവരുടെ പങ്കാളികള്‍ക്കു തൊഴിലനുമതി നല്കുന്ന നിലവിലെ നിയമത്തിനെതിരെ സേവ് ജോബ്സ് യുഎസ്എ പോലെയുള്ള സംഘടനകള്‍ കോടതിയില്‍ നിയമ പോരാട്ടത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല