സ്വന്തം ലേഖകന്‍: പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് ഇനി ഡിസ്നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്. മാധ്യമ ഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുക്കുന്നതായി കമ്പനി സ്ഥിരീകരിച്ചു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്.
ഇതോടെ സ്കൈ ചാനലില്‍ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്നിക്ക് ലഭിക്കും. ഫോക്സ് ബിസിനസ്, ഫോക്സ് ന്യൂസ്, ഫോക്സ് സ്പോര്ടസ് ചാനലുകള്‍ മര്‍ഡോക്കില്‍ തന്നെ തുടരും. ഫോക്സിന്റെ ചലച്ചിത്രടി.വി. സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടി.വി. ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്നിക്ക് സ്വന്തമാകും.
സ്റ്റാര്‍ ചാനല്‍ ശൃംഖല അടക്കം ഇനി ഡിസ്നിയുടെ കീഴിലാകും. ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി 69 ടിവി ചാനലുകളും ഡിസ്നിയുടെ കൈയിലെത്തും. ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് മാധ്യമവും ഡിസ്നിയുടേതാകും. ഡിസ്നിയുടെ പരിപാടികള്‍ ഇനി വൈകാതെ സ്റ്റാര്‍ ചാനലിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. ഒന്നര വര്‍ഷം കൊണ്ടാകും കൈമാറ്റം പൂര്‍ണമാകുക.
ഇതോടെ ഇന്ത്യയിലെ 49 എന്റര്ടെയ്ന്മെന്റ് ചാനലുകളും പത്ത് സ്പോര്‍ട്സ് ചാനലുകളും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഹോട്ട്സ്റ്റാറും ഡിസ്നിക്ക് കീഴിലാകും. കേരളത്തില്‍ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ് തുടങ്ങിയ ചാനലുകളാണ് സ്റ്റാറിനുണ്ടായിരുന്നത്. ഡിസ്നിക്ക് നിലവില്‍ എട്ട് കുട്ടികളുടെ ചാനലുകളും യൂത്ത് എന്റര്ടെയ്ന്മെന്റ് ചാനലുകളുമാണ് ഇന്ത്യയിലുള്ളത്. ബിന്ദാസ്, യുടിവി ആക്ഷന്‍, യുടിവി മൂവീസ് തുടങ്ങിയ ചാനലുകളും ഡിസ്നിയുടെ ഉടമസ്ഥതയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല