സ്വന്തം ലേഖകന്‍: റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് ജന്മനാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ജീവന്‍ വക്കുന്നു, ജനുവരിയോടെ മടക്കയാത്ര തുടങ്ങും. തിരികെയെത്തുന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ മ്യാന്മര്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ലെന്നും റോഹിങ്ക്യന്‍ ഗ്രാമങ്ങളുടെ നേര്‍ക്ക് സൈന്യത്തിന്റെ അതിക്രമം തുടരുന്നതായും മനുഷ്യാവകാശ സംഘങ്ങള്‍ മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്.
നവംബര്‍ 23ന് മ്യാന്മറും ബംഗ്ലാദേശും അഭയാര്‍ഥി അനുരഞ്ജന ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. ഇതനുസരിച്ച് ബംഗ്ലാദേശില്‍ കഴിയുന്ന ആറു ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് തിരികെ മ്യാന്മറിലേക്ക് മടങ്ങാം. രണ്ടു മാസത്തിനകം മടക്കിയയക്കുന്നതിന്റെ ഭാഗമായി അഭയാര്‍ഥികളുടെ വെരിഫിക്കേഷന്‍ അടക്കമുള്ള നടപടികള്‍ക്ക് പുതിയ സംഘത്തെ നിയോഗിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, കത്തിച്ചാമ്പലാവുകയും ഉറ്റവര്‍ കൊല്ലപ്പെടുകയും ചെയ്ത ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ വളരെ കുറഞ്ഞ ശതമാനം റോഹിങ്ക്യകള്‍ മാത്രമാണ് താല്‍പര്യം കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശും മ്യാന്മറും പുനരധിവാസ പദ്ധതിയുമായി മുന്നോട്ടു പോകുന്നതോടെ രാജ്യാന്തര സമ്മര്‍ദത്തിനും കുറവുണ്ടാകുമെന്നാണ് ഇരു സര്‍ക്കാരുകളുടേയും പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല