ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ബൗള്‍ ചെയ്ത ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് കപില്‍ദേവിന്റെ രൂക്ഷ വിമര്‍ശനം. ധോനിയുടെ ബൗളിങ് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നതിനു തുല്യമായിപ്പോയെന്നാണ് കപില്‍ദേവ് ആരോപിച്ചത്.
പരിക്കേറ്റ് രണ്ടാം ദിവസം ബൗള്‍ ചെയ്യാന്‍ കഴിയാതിരുന്ന സഹീറിനേയും കപില്‍ദേവ് വെറുതെ വിട്ടില്ല. മത്സരത്തിനു മുമ്പ് തന്നെ സ്വന്തം കായികക്ഷമതയെ കുറിച്ച സഹീര്‍ ആലോചിക്കേണ്ടതായിരുന്നുവെന്ന് കപില്‍ പറഞ്ഞു. കളിയുടെ ഇടയ്ക്ക് വെച്ച് സഹീറിന് ബൗള്‍ ചെയ്യാന്‍ സാധിക്കാതെ പോയത് ഇന്ത്യയുടെ വിജയസാധ്യത ഇല്ലാതാക്കി. ടെസ്റ്റിന്റെ രണ്ടാം ദിനം ഇത്തരമൊരു നടപടി അംഗീകരിക്കാനാവില്ലെന്നാണ് കപില്‍ അഭിപ്രായപ്പെട്ടു.
സഹീറിന്റെ അഭാവത്തില്‍ ബൗളര്‍മാരുടെ കുറവ് നികത്താനാണ് കീപ്പര്‍ ജോലി ദ്രാവിഡിനെ ഏല്‍പ്പിച്ച് ധോണി പന്തെടുത്തത്. പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ പരീക്ഷിക്കാതെ തന്റെ മീഡിയം പേസുമായെത്തിയ ധോണി 8 ഓവറില്‍ 23 റണ്‍സു മാത്രമേ വഴങ്ങിയുള്ളൂ.
ഒരു തവണ പീറ്റേഴ്സന്റെ വിക്കറ്റ് ധോണി സ്വന്തമാക്കിയെന്ന് തോന്നിച്ചെങ്കിലും ടിവി അംപയര്‍ പരിശോധനയില്‍ നോട്ടൗട്ട് പറഞ്ഞു. ടെസ്റ്റില്‍ മൂന്നാം തവണയാണ് ധോണി ബൗള്‍ ചെയ്യുന്നത്. ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല