സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍. സംഭവത്തില്‍ കശ്മീര്‍ സ്വദേശിയായ രോഹിത് കൗള്‍ (45) അടക്കം 19 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ സ്ഥിതി ഗുരുതരമാണ്. അഫ്ഗാന്‍ വംശജനായ ഡ്രൈവറെ (32) അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിച്ചുകൊണ്ടിരുന്ന യുവാവിനെ (24) കസ്റ്റഡിയിലെടുത്തു.
മെല്‍ബണ്‍ നഗരത്തിലെ തിരക്കേറിയ കവലയില്‍ വൈകിട്ടു നാലരയോടെ റോഡ് കുറുകെ കടക്കുന്ന ആളുകളെയാണു കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ചുവന്ന ലൈറ്റുണ്ടായിരുന്നിട്ടും അതു ഗൗനിക്കാതെ ഡ്രൈവര്‍ ആളുകള്‍ക്കിടയിലേക്കു കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ട്രാം ഓടുന്ന പാതയിലൂടെ കടന്നു മറുവശത്തുള്ള ട്രാം സ്റ്റോപ്പില്‍ കാറിടിപ്പിച്ചുനിര്‍ത്തി. പരുക്കേറ്റ ഡ്രൈവറും ചികിത്സയിലാണ്.
ലഘുവായ ഗതാഗത ലംഘനങ്ങള്‍ക്കും കയ്യേറ്റത്തിനും നേരത്തേ പിടിയിലായിട്ടുള്ള ഇയാളെ പൊലീസിനു മുന്‍പരിചയമുണ്ട്. വിഡിയോ എടുത്തുകൊണ്ടിരുന്ന ആളുടെ ബാഗ് പരിശോധിച്ചപ്പോള്‍ കത്തികള്‍ കണ്ടെങ്കിലും സംഭവവുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു പൊലീസ് കരുതുന്നില്ല. കാര്‍ മോഷ്ടിച്ചതല്ലെന്നും കുടുംബാംഗത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും നടന്നത് ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നു പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല