സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡാമിയന്‍ ഗ്രീനിന്റെ കസേര തെറിച്ചു, വിശ്വസ്തനായ ഗ്രീനിന്റെ പുറത്താകലിലൂടെ തെരേസാ മേയ് കൂടുതല്‍ ഒറ്റപ്പെടുന്നു. കാബിനറ്റിലെ മുതിര്‍ന്ന അംഗവും ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഗ്രീന്‍ (61) പ്രധാനമന്ത്രി തെരേസാ മേയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. അടുത്ത കാലത്ത് മേ കാബിനറ്റില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെയാളാണു ഗ്രീന്‍.
മൈക്കല്‍ ഫാലണ്‍, ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ എന്നിവരാണു വിവിധ കാരണങ്ങളുടെ പേരില്‍ നേരത്തെ രാജിവച്ചത്. 2008ല്‍ നടന്ന പോലീസ് റെയ്ഡില്‍ ഗ്രീനിന്റെ പാര്‍ലമെന്റ് ഓഫീസിലെ കംപ്യൂട്ടറില്‍ അശ്ലീല വീഡിയോ കണ്ടെത്തിയിരുന്നു. ഇക്കാര്യം മറച്ചുവച്ച് ഈയിടെ തെറ്റായ പ്രസ്താവന നടത്തിയതാണ് അദ്ദേഹത്തിനു വിനയായത്.
താന്‍ അശ്ലീല വീഡിയോ കാണുകയോ ഡൗണ്‍ലോഡു ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഗ്രീന്‍ പറഞ്ഞു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് അദ്ദേഹം സമ്മതിച്ചു. ഇതെത്തുടര്‍ന്ന് ബുധനാഴ്ച മേ അദ്ദേഹത്തോടു രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗ്രീനിനെക്കാള്‍ മുപ്പതു വയസ് പ്രായക്കുറവുള്ള പാര്‍ട്ടി പ്രവര്‍ത്തക കേയിറ്റ് മാള്‍ട്ബി ഉന്നയിച്ച ആരോപണമാണു ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്കു തുടക്കം കുറിച്ചത്.
2015ല്‍ ഒരു മദ്യശാലയില്‍ നടന്ന മീറ്റിംഗിനിടയില്‍ ഗ്രീന്‍ തന്റെ കാല്‍മുട്ടില്‍ അനുചിതമായി സ്പര്‍ശിച്ചുവെന്നും പിന്നീട് മോശമായ ഭാഷയില്‍ ടെക്സ്റ്റ് മെസേജ് അയച്ചുവെന്നും മാള്‍ട്ബി പരാതിപ്പെട്ടു. ഇതെക്കുറിച്ച് കാബിനറ്റ് സെക്രട്ടറി ജെറമി ഹേവുഡ് അന്വേഷണം നടത്തുന്നതിനിടെ ഗ്രീനിന്റെ കംപ്യൂട്ടറില്‍ 2008ല്‍ അശ്ലീല വീഡിയോ കണ്ടെത്തിയ വിവരം രണ്ടു മുന്‍ പോലീസ് ഓഫീസര്‍മാര്‍ മാധ്യമങ്ങള്‍ക്കു നല്‍കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല