1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ഇനി ഇന്ധനമില്ലെന്ന് യുഎന്‍, എണ്ണ ഇറക്കുമതി വിലക്കുന്ന പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഉത്തര കൊറിയയിലേക്കുള്ള എണ്ണകയറ്റുമതി വിലക്കുന്നതാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പുതിയ ഉപരോധം. യു.എസ്. തയ്യാറാക്കിയ പ്രമേയത്തെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന പിന്തുണച്ചു.

ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് ഇന്ധനമാവശ്യമായതിനാല്‍ പുതിയ ഉപരോധം ഉത്തര കൊറിയയെ കാര്യമായി ബാധിക്കും. വിദേശത്ത് ജോലി ചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്‍മാരെ എല്ലാരാജ്യങ്ങളും 2019ഓടെ തിരിച്ചയക്കണമെന്ന് ഉപരോധം നിര്‍ദേശിക്കുന്നു. ഈ വര്‍ഷം മൂന്നാം തവണയാണ് യു.എന്‍. രക്ഷാസമിതി ഉത്തര കൊറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്നത്.

ഉപരോധം നിലവില്‍വരുന്നതോടെ ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ 75 ശതമാനത്തോളം കുറവുവരും. ചൈനയാണ് ഉത്തര കൊറിയക്ക് എണ്ണ നല്‍കുന്ന പ്രമുഖരാജ്യം. കയറ്റുമതി വെട്ടിക്കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു.

യന്ത്രസാമഗ്രികള്‍, ട്രക്കുകള്‍, ഇരുമ്പ്, ഉരുക്ക്, മറ്റ് ധാതുക്കള്‍ എന്നിവ ഉത്തര കൊറിയക്ക് നല്‍കരുതെന്നും ഉപരോധം നിര്‍ദേശിക്കുന്നു. ഉത്തര കൊറിയ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, ൈവദ്യുതോപകരണങ്ങള്‍, മണ്ണ്, കല്ല്, തടി, പാത്രങ്ങള്‍ എന്നിവ മറ്റുരാജ്യങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.