സ്വന്തം ലേഖകന്‍: പാര്‍വതിയെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി.
സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാര്‍വതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എല്‍.പ്രിന്റോ (23) അറസ്റ്റിലായിരുന്നു. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ വടക്കാഞ്ചേരിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
തന്റെ ആരാധനാപാത്രമായ നടന്റെ സിനിമയെ വിമര്‍ശിച്ചതിന് നടിക്കെതിരെ ഫെയ്സ്ബുക്കില്‍ ഏഴു പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്ക്കെതിരായ കണ്ടെത്തല്‍.കഴിഞ്ഞ 10നു ഐഎഫ്എഫ്കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച സംവാദത്തില്‍ കസബ ഉള്‍പ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പാര്‍വതി പ്രതികരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന്, മമ്മൂട്ടിച്ചിത്രമായ കസബയെ വിമര്‍ശിച്ചെന്ന തരത്തില്‍ പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നു. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു താരം പരാതി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല