സ്വന്തം ലേഖകന്‍: റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 23 ഇന്ത്യക്കാര്‍ അപ്രത്യക്ഷരായി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഏജന്റുമാര്‍ അനധികൃതമായി ഫ്രാന്‍സിലേക്കു കടത്തിയത്.
മൂന്നു ട്രാവല്‍ ഏജന്റുമാരാണ് ഇവരെ ഫ്രാന്‍സിലേക്കു കടത്താന്‍ സഹായം നല്‍കിയതെന്നാണു സിബിഐക്കു ലഭിച്ചിരിക്കുന്ന സൂചന. ഫരീദാബാദ് സ്വദേശി ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹി സ്വദേശികളായ സഞ്ജീവ് റോയ്, വരുണ്‍ ചൗധരി എന്നിവരാണ് ഈ ട്രാവല്‍ ഏജന്റുമാര്‍. ഇവരുടെ ഓഫീസുകളില്‍ സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി.
കൗമാരക്കാരെ വിദേശത്തേക്ക് അയയ്ക്കാന്‍ ഇവരുടെ മാതാപിതാക്കളില്‍നിന്ന് 2530 ലക്ഷം രൂപയാണ് ഏജന്റുമാര്‍ വാങ്ങിയത്. പാരീസില്‍ റഗ്ബി പരിശീലനം എന്നായിരുന്നു കുട്ടികളുടെ വീസ ആപ്ലിക്കേഷനില്‍ ഏജന്റുമാര്‍ രേഖപ്പെടുത്തിയത്. പാരീസിലെത്തിയ 25 അംഗ സംഘം ഒരാഴ്ച റഗ്ബി പരിശീലനം നടത്തി. ഇതിനുപിന്നാലെ ഏജന്റുമാര്‍ കുട്ടികളുടെ റിട്ടേണ്‍ ടിക്കറ്റ് റദ്ദു ചെയ്തു. എന്നാല്‍ ഇതിനു മുന്പായി രണ്ടു പേര്‍ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു.
ഇതിനുശേഷം 23 പേരെ കാണാതാവുകയായിരുന്നു. ഇവരില്‍ ഒരാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കേസ് ഇന്റര്‍പോള്‍ ഏറ്റെടുക്കുകയും സിബിഐക്കു വിവരം കൈമാറുകയും ചെയ്തു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കുട്ടികളെ കാണാതായതു സംബന്ധിച്ച് ഇതേവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല