സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; അമേരിക്കയിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ‘കൂടിയാലോചനകള്‍ക്കായി’ അംബാസഡര്‍ ഹുസ്സാം സൊംലോതിനെ പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചുവിളിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ വാര്‍ത്ത ഏജന്‍സി ‘വഫ’യെ ഉദ്ധരിച്ചാണ് വാര്‍ത്ത.
ട്രംപിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഫത്ഹ് പ്രസ്ഥാനത്തിന്റെ 53 ആം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, ജറൂസലം പലസ്തീന്റെ ‘ശാശ്വത തലസ്ഥാന’മാണെന്ന് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനം പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സഭ പൊതുസഭ ഏതാനും ദിവസം മുമ്പ് പ്രമേയം പാസാക്കിയിരുന്നു.
അതേസമയം, ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനെതിരെ പലസ്തീനില്‍ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ചയും തുടര്‍ന്നു. ആയിരങ്ങളാണ് വിവിധ ഇടങ്ങളില്‍ തെരുവിലിറങ്ങിയത്. ചിലയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. വെള്ളിയാഴ്ച ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്ന ജമാല്‍ മുസ്‌ലിഹ് എന്ന 20കാരന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല