സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് എതിരെ ഇറാന്റെ ഉരുക്കു മുഷ്ടി, പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും. ഇറാനില്‍ പ്രസിഡന്റ് ഹസന് റൂഹാനി നയിക്കുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസും ഇസ്രായേലും. രക്തരൂഷിതമായി മാറിയ പ്രക്ഷോഭം ഇറാന് ജനത ഒടുവില്‍ ബുദ്ധിപൂര്‍വം നീങ്ങുന്നതിന്റെ സൂചനയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. പ്രതിഷേധക്കാര്‍ ആദ്യമായി തെരുവിലിറങ്ങിയ വ്യാഴാഴ്ചതന്നെ ട്രംപ് പരസ്യപിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞദിവസം രണ്ടു പേര് കൊല്ലപ്പെടുകയും നവമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് വീണ്ടും ട്വിറ്ററില്‍ കടുത്ത വാക്കുകളുമായി അദ്ദേഹം എത്തിയത്. സമാധാനപരമായി രംഗത്തിറങ്ങാനുള്ള ഇറാന് ജനതയുടെ അവകാശങ്ങളെ അമേരിക്ക പിന്തുണക്കുന്നുവെന്നും അവരുടെ വാക്കുകള്‍ പുറംലോകം കേള്‍ക്കേണ്ടതാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പറഞ്ഞു. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലിയും ഇറാന് ജനതക്ക് പിന്തുണ അറിയിച്ചു.
ഇറാനെ പശ്ചിമേഷ്യയിലെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്ന ഇസ്രായേലും തെഹ്റാനിലെ പ്രക്ഷോഭകര്‍ക്ക് വിജയമാശംസിച്ച് രംഗത്തെത്തി. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്നും എന്നാല്‍, സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തന്റെ രാജ്യമല്ലെന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഇറാനില്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഇസ്രായേലും അമേരിക്കയും കിണഞ്ഞു ശ്രമിക്കുന്നുവെന്ന പരാതികള്‍ക്കിടെയാണ് നാലുദിവസമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ഇരു രാജ്യങ്ങളും പിന്തുണയര്‍പ്പിച്ചത്. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ യു.എസും മറ്റു ലോക രാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവെച്ച ഇറാന് ആണവ കരാര്‍ റദ്ദാക്കുമെന്ന് അടുത്തിടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അതേ സമയം, രാജ്യത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ഏവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍, ജനങ്ങളെ അരക്ഷിതരാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു. ഇറാന് ജനതയെ മൊത്തത്തില്‍ തീവ്രവാദികളെന്ന് വിളിച്ച ട്രംപ് തന്നെ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയതിനെയും അദ്ദേഹം പരിഹസിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമായ മഷ്ഹദില്‍ വ്യാഴാഴ്ച ആരംഭിച്ച പ്രക്ഷോഭം തെഹ്റാന് ഉള്‍പ്പെടെ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. വിദ്യാര്‍ഥികളും സമരത്തിനിറങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അക്രമസംഭവങ്ങളില്‍ ഇതുവരെ 12 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല