അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് വര്‍ണാഭമായി. ഓഖി ദുരിതത്തില്‍ വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനമാചരിച്ച ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു. എം.എം സി.എ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ജോബി മാത്യു ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റ് ഹരികുമാര്‍. പി.കെ, സെക്രട്ടറി ജനീഷ് കുരുവിള, ട്രഷറര്‍ സാബു ചാക്കോ മറ്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കള്‍ച്ചറല്‍ കോഡിനേറ്റര്‍ ലിസി എബ്രഹാം അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ കാണികളുടെ കൈയ്യടികള്‍ ഏറ്റ് വാങ്ങി. ദിയ തോമസ്, ഏഞ്ചല്‍ എബ്രഹാം എന്നീ മിടുക്കികള്‍ അവതാരകരായിരുന്നു. ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേയോടെ കള്‍ച്ചര്‍ പരിപാടികള്‍ ആരംഭിച്ചു. ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങള്‍ കരോള്‍ പാട്ടുകളുമായി വേദിയിലെത്തി. തുടര്‍ന്ന് ജെയ്‌സ് ബൈജു, ലിയ സ്റ്റീഫന്‍, ഇസബെല്‍ മിന്റോ, ജോസ് ലിന്‍ സായ്, സില്ലാ സാബു, സെഫാനിയ ജിജി, നിക്കി ഷിജി, പ്രീതാ മിന്റോ, ഇമ്മാനുവേല്‍, റോയ്, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൃത്തവും ഗാനവുമായി കാണികളുടെ മനം കവര്‍ന്ന പ്രകടനമായിരുന്നു കാണാന്‍ കഴിഞ്ഞത്. കലാപരിപാടികള്‍ക്ക് ശേഷം സെക്രട്ടറി ജനീഷ് കുരുവിള നന്ദി പ്രകാശിപ്പിച്ചതോടെ യോഗ നടപടികള്‍ അവസാനിച്ചു.
തുടര്‍ന്ന് സിന്ധൂര്‍ കാറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ ഭക്ഷിച്ച്, പരസ്പരം സ്‌നേഹവും, സൗഹാര്‍ദ്ദവും പങ്കുവച്ച്, പുതിയ വര്‍ഷത്തിലേക്ക് നന്മകളും ആശംസകളും കൂടി നേര്‍ന്നതോട് കൂടി എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം സമാപിച്ചു.
ശബ്ദവും വെളിച്ചവും ക്രമീകരിച്ചിരുന്നത് ജോജോയും, മനോഹരമായി വേദിയും ഹാളും ഡെക്കറേഷന്‍ ചെയ്തത് ബിനോ ജോസും ആയിരുന്നു. ആഘോഷ പരിപാടികള്‍ വിജയിപ്പിച്ച എല്ലാവര്‍ക്കും ടീം എം.എം.സി.എയുടെ പേരില്‍ സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.
കൂടുതല്‍ ഫോട്ടോകള്‍ കാണുവാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല