1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2018

സ്വന്തം ലേഖകന്‍: കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അറബ് ലീഗ്. ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനില്‍ നടന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ യോഗം. ഈജിപ്ത്, മൊറോക്കോ, സൗദി അറേബ്യ, യു.എ.ഇ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളുടെ സമിതിയാണ് യോഗത്തില്‍ സംബന്ധിച്ചത്.

1967ലെ അതിര്‍ത്തികളോട് കൂടിയ, ജറൂസലം തലസ്ഥാനമായ ഫലസ്തീന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം നല്‍കാന്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം പാസാക്കാന്‍ ശ്രമിക്കുമെന്ന് ജോര്‍ഡന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി യോഗശേഷം വ്യക്തമാക്കി. കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്കുവേണ്ടി ആഴ്ചകള്‍ക്കകം അറബ് രാജ്യങ്ങളുടെ വിശാലമായ സമ്മേളനം വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു. വിഷയത്തില്‍ മറ്റ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ധാരണയായി.

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയുണ്ടായത്. ഡിസംബര്‍ 21ന് നടന്ന വോട്ടെടുപ്പില്‍ യു.എസ് പ്രഖ്യാപനം തള്ളി ഇന്ത്യയടക്കം യു.എന്‍ പൊതുസഭയിലെ 128 രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. 35 രാജ്യങ്ങള്‍ മാത്രമാണ് യു.എസിനെ അനുകൂലിച്ചത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.