സ്വന്തം ലേഖകന്‍: ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു. ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസിയാണ് രാജിവച്ചത്. വര്‍ഷത്തില്‍ ഒന്നര ലക്ഷം പൗണ്ടില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തു വിട്ടതോടെ, ബിബിസിയിലെ ശമ്പള വിവേചത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
26 വര്‍ഷമായി ബിബിസി ചാനലിലെ പ്രശസ്ത അവതാരകയായിരുന്ന ഗ്രേസി നാലു വര്‍ഷമായി ബെയ്ജിങ് ബ്യൂറോ എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ എഡിറ്റര്‍മാര്‍ അതേ തസ്തികയിലുള്ള വനിതകളേക്കാള്‍ ഇരട്ടിയിലധികം ശമ്പളം വാങ്ങുന്നതായി ബിബിസി ജൂലൈയില്‍ പുറത്തുവിട്ട പട്ടികയില്‍ വെളിപ്പെട്ടിരുന്നു.
കമ്പനിയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതയ്ക്കു കിട്ടുന്നതിന്റെ അഞ്ചിരട്ടിയാണു പുരുഷ സഹപ്രവര്‍ത്തകനു ലഭിച്ചിരുന്നത്. ഒന്നര ലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്നവരില്‍ മൂന്നില്‍ രണ്ടു ഭാഗവും പുരുഷന്മാരാണെന്നും വെളിപ്പെട്ടിരുന്നു.
ഗ്രേസിക്കു പിന്തുണയുമായി #IStandWithCarrie എന്ന ഹാഷ് ടാഗില്‍ ബിബിസി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. ശമ്പളത്തില്‍ വേര്‍തിരിവില്ലാത്ത, മുന്‍പു ജോലിചെയ്തിരുന്ന ബിബിസി ടിവി ചാനലിലേക്കു മടങ്ങാനാണു കാരിയുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല