1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2018

സജീഷ് ടോം (സ്റ്റാര്‍ സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഇഷ്ടഗാനങ്ങളുമായി മത്സരാര്‍ത്ഥികള്‍ എത്തുന്ന ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കൂടുതല്‍ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകര്‍ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാര്‍ഥികളാണ് സ്റ്റാര്‍സിംഗര്‍ 3 യില്‍ ഏറ്റുമുട്ടുന്നത്.

മത്സരത്തിന്റെ നാലാം എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകവഴി കൂടുതല്‍ സ്ഥിരം പ്രേക്ഷകരെ നേടിക്കൊണ്ട് ഗര്‍ഷോം ടി വി.യും പുത്തന്‍ നാഴികക്കല്ലുകള്‍താണ്ടി മുന്നേറുകയാണ്. യുക്മ ദേശീയ കലാമേളകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ സ്ഥിരം ജേതാക്കളായ ഹരികുമാര്‍ വാസുദേവനും കൃപാ മരിയാ ജോര്‍ജും പാടുവാന്‍ എത്തുകയാണ് ഈ എപ്പിസോഡില്‍. അതുപോലെ തന്നെ, നോര്‍ത്ത് വെയ്ല്‍സില്‍ നിന്നുള്ള ആദ്യമത്സരാര്‍ത്ഥിയായി ശോഭ ആന്‍ ജോര്‍ജ് കൂടി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെ നിമിഷങ്ങള്‍ സമ്മാനിക്കുകയാണ് നാലാം എപ്പിസോഡ്.

ജാനകിയമ്മയുടെ ഗാനങ്ങളെ ഒരു പൂക്കാലമായി നെഞ്ചിലേറ്റുന്ന കൃപ ‘കൂടെവിടെ’ എന്ന സിനിമയിലെ ‘പൊന്നുരുകും പൂക്കാലം’ എന്ന ഗാനമാണ് ആലപിക്കുന്നത്. ഒ എന്‍ വി കുറുപ്പിന്റെ രചനയില്‍ മറ്റൊരു ജോണ്‍സണ്‍മാഷ് ഗാനവുമായെത്തുന്ന കൃപ, യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 2 ജേതാവ് അനു ചന്ദ്രയുടെ സ്വന്തം തട്ടകമായ സ്വിണ്ടനില്‍നിന്നു തന്നെയാണെത്തിയിരിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണോ എന്നാണു പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. സ്റ്റാര്‍ സിംഗര്‍ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു മത്സരാര്‍ത്ഥിയാണ് കൃപ.

രണ്ടാമത്തെ ഗാനവുമായെത്തുന്നത് ഷെഫീല്‍ഡില്‍ നിന്നുള്ള ഹരികുമാറാണ്. യുക്മ ദേശീയ കലാമേളകളില്‍ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലും സമ്മാനാര്‍ഹനാകുന്ന ഹരി, ഇക്കഴിഞ്ഞ ദേശീയ കലാമേളയില്‍ സംയുക്ത കലാപ്രതിഭ കൂടിയായും തിളങ്ങിയിരുന്നു. ഹരിയോടൊപ്പം ദേശീയ കലാപ്രതിഭാ പട്ടം പങ്കുവച്ചത് സ്റ്റാര്‍സിംഗര്‍ 3യിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സാന്‍ ജോര്‍ജ് തോമസ് ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത മാത്രം. കൈതപ്രം ജോണ്‍സന്‍ മാഷ് യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരക’വുമായാണ് ഹരി എത്തുന്നത്.

നോര്‍ത്ത് വെയില്‍സിലെ പ്രസിദ്ധമായ സ്‌നോഡോണിയയില്‍ നിന്നും എത്തുന്ന ശോഭ ആന്‍ ജോര്‍ജ് ആണ് ഈ എപ്പിസോഡിലെ അവസാന ഗായിക. യു എ ഇ യില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യു.കെ.യിലെത്തിയ ശോഭ എന്‍ എച്ച എസ്സില്‍ പ്രൊജക്റ്റ് ഓഫീസര്‍ ആയി ജോലിചെയ്യുന്നതിനോടൊപ്പം തന്റെ സംഗീത സ്വപ്നങ്ങളെയും താലോലിക്കുന്നു. ജ്യോത്സന ആലപിച്ച ‘സുഖമാണീ നിലാവ്’ എന്ന ഹൃദയഹാരിയായ ഗാനവുമായാണ് ശോഭ എത്തുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും ഗര്‍ഷോം ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍സിംഗര്‍ 3 യുടെ ഓരോ പുതിയ എപ്പിസോഡുകളുമാണ് തുടര്‍ന്നുവരുന്ന ആഴ്ചകളില്‍ യൂട്യൂബ് ലിങ്ക് സഹിതം വാര്‍ത്തയായി യു.കെ.യിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്നത്. യൂറോപ്പ് മലയാളി സമൂഹത്തിന്റെ സംഗീതയാത്രയായി മാറിക്കഴിഞ്ഞ യുക്മ സ്റ്റാര്‍സിംഗര്‍ 3 യുടെ ബ്രാന്‍ഡ്‌ന്യൂ എപ്പിസോഡുകളുമായെത്തുന്ന വാര്‍ത്തകള്‍ പരമാവധി ഷെയര്‍ ചെയ്തു കൂടുതല്‍ സംഗീത പ്രേമികളില്‍ എത്തിക്കുവാന്‍ വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ് കാണാം,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.