സ്വന്തം ലേഖകന്‍: പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും. മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‍നിന്ന് പാസ്പോര്‍ട്ട് ഒഴിവാകുമെന്നാണ് സൂചന.
പുതുതായി തയ്യാറാക്കുന്ന പാസ്പോര്ട്ടുകളിലാണ് പരിഷ്കാരം. നിലവിലുള്ളവയുടെ ആദ്യപേജില്‍ ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില്‍ വിലാസം, പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ പേരുകള്‍, പാസ്പോര്‍ട്ട് നമ്പര്‍, അനുവദിച്ച സ്ഥലം, തീയതി എന്നീ വിവരങ്ങളാണ് ചേര്‍ക്കുന്നത്.
എന്നാല്‍ പുതുതായി തയ്യാറാക്കുന്നവയില് അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്നാണ് തീരുമാനം. പുതിയ പാസ്പോര്‍ട്ട് പുറത്തിറങ്ങുന്നതു വരെ നിലവിലുള്ളവ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദേശകാര്യ മന്ത്രലായത്തിന്റെയും വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെയും പ്രതിനിധികളടങ്ങുന്ന മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
പിതാവിന്റെ പേര് പാസ്പോര്ട്ടില് ഉള്‍പ്പെടുത്തരുതെന്ന് മാതാവോ കുട്ടികളോ ആവശ്യപ്പെടുന്ന ഘട്ടം, ഒറ്റ രക്ഷിതാവുള്ള (സിംഗിള്‍ പേരന്റ് ) കുട്ടികളെയും ദത്തെടുക്കപ്പെട്ട കുട്ടികളെയും ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയാണ് സമിതി പരിശോധിച്ചത്. തുടര്‍ന്ന് പാസ്പോര്ട്ടില് പിതാവിന്റെ/ രക്ഷിതാവിന്റെ/ മാതാവിന്റെ പേര്, അവസാന പേജില്‍ നിന്ന് വിലാസം എന്നിവ ഒഴിവാക്കാന്‍ സമിതി നിര്‍ദേശിച്ചു.
ഈ നിര്‍ദേശങ്ങള്‍ വിവിധതലങ്ങളില്‍ പരിശോധിച്ച്, പാസ്പോര്‍ട്ടിന്റെയും പാസ്പോര്‍ട്ട് ചട്ടപ്രകാരം വിതരണം ചെയ്യുന്ന യാത്രാരേഖകളുടെയും അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല