സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാനി താലിബാനാണെന്ന് വെളിപ്പെടുത്തല്‍. യുഎസുമൊത്ത് സഹകരണത്തിനുള്ള ബേനസീറിന്റെ നീക്കം സംബന്ധിച്ച് പാക്ക് താലിബാന്‍ സ്ഥാപകന്‍ ബൈത്തുള്ള മെഹ്‌സൂദിന് അറിവുണ്ടായിരുന്നു. മുജാഹിദീദ്–ഇ–ഇസ്‌ലാമിനെതിരെ ആക്രമണത്തിനായിരുന്നു ബേനസീര്‍–യുഎസ് സഖ്യം പദ്ധതിയിട്ടിരുന്നതെന്നും പാക്ക് താലിബാന്റെ ഉറുദു ഭാഷയിലുള്ള ‘ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്ഥാന്‍ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കന്‍ ഇംപീരിയലിസം’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
ഇതാദ്യമായാണ് ഒരു ഭീകരസംഘടന ഏതെങ്കിലും തരത്തില്‍ ബേനസീറിന്റെ മരണം സംബന്ധിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. തിരഞ്ഞെടുപ്പു റാലിക്കിടെ 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വച്ചാണ് ബേനസീര്‍ കൊല്ലപ്പെടുന്നത്. തെഹ്‌രീക്–ഇ–താലിബാന്‍ ആണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ആരോപിച്ചത്. എന്നാല്‍ സംഘടന ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
സയീദ് എന്നറിയപ്പെടുന്ന ബിലാലും ഇക്രമുള്ളയുമായിരുന്നു ചാവേറുകളെന്നും പുസ്തകത്തിലുണ്ട്. ബിലാലാണ് ആദ്യം വെടിയുതിര്‍ത്തത്. അതു ബേനസീറിന്റെ കഴുത്തില്‍ കൊണ്ടു. തുടര്‍ന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ടിടിപി നേതാവ് അബു മന്‍സൂര്‍ അസിം മുഫ്തി നൂര്‍ വാലിയാണ് പുസ്തകമെഴുതിയത്. 588 പേജുള്ള പുസ്തകം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുകയായിരുന്നു.
2007ലാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബേനസീര്‍ കൊല്ലപ്പെടുന്നത്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അമേരിക്കയുമായി ചേര്‍ന്നു പാക്ക് താലിബാനെതിരെ ആഞ്ഞടിക്കുമെന്ന സൂചനയെത്തുടര്‍ന്നായിരുന്നു കൊലപാതകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല