സ്വന്തം ലേഖകന്‍: ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ യാത്രക്കാരുമായി പോയ തങ്ങളുടെ വിമാനം തടഞ്ഞതായി യുഎഇ; ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധി പുകയുന്നു. മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസ്സം സൃഷ്ടിച്ചെന്നാണ് യുഎഇയുടെ ആരോപണം. എന്നാല്‍ യുഎഇയുടെ വ്യോമറൂട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ തെറ്റാണെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി ലുവാ അല്‍ ഖാദര്‍ ട്വീറ്റ് ചെയ്തു.
ഖത്തര്‍ അതിര്‍ത്തിയിലൂടെ മനാമയ്ക്ക് പോവുകയായിരുന്ന എമിറേറ്റ്‌സ് വിമാനം പോര്‍വിമാനങ്ങളുപയോഗിച്ച് ഖത്തര്‍ തടഞ്ഞെന്നാണ് യുഎഇ ആരോപിച്ചത്. സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നലംഘനവുമാണ് ഖത്തര്‍ നടത്തിയതെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ വേിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.
തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്നാരോപിച്ച് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നാല് അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. ജനുവരി ആദ്യം യുഎഇയുടെ പോര്‍വിമാനം ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചെന്നും ഖത്തറിന്റെ പോര്‍വിമാനങ്ങള്‍ തടഞ്ഞെന്നും കാണിച്ച് ഖത്തര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് ഒരു പരാതി സമര്‍പ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല