സ്വന്തം ലേഖകന്‍: ‘കാണാതായ’ വി.എച്ച്.പി നേതാവ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കണ്ടെത്തി. പോലീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് തൊഗാഡിയയെ ആശുപത്രിയില്‍ കണ്ടെത്തിയത്. കിഴക്കന്‍ അഹ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിലാണ് സംഭവം.
ഇവിടെയുള്ള കോതര്‍പുര്‍ ഭാഗത്തെ പാര്‍ക്കില്‍ അബോധാവസ്ഥയിലാണ് തൊഗാഡിയയെ അജ്ഞാതനായ വ്യക്തി കണ്ടത്. ഇയാള്‍ അദ്ദേഹത്തെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖം പൂര്‍ണമായി ഭേദപ്പെട്ടശേഷം ആശുപത്രിയില്‍ നിന്ന് വിടുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 24 മണിക്കൂറും ഇസഡ് പ്ലസ് സുരക്ഷയുള്ള തൊഗാഡിയയെ തിങ്കളാഴ്ച പകല്‍ 11 മണിയോടെ കാണാതായെന്ന് വി.എച്ച്.പി നേതാക്കളാണ് ആരോപിച്ചത്. അദ്ദേഹത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അവര്‍ സര്‍ഖേജ്ഗാന്ധിനഗര്‍ ദേശീയപാതയും സൊല പൊലീസ് സ്‌റ്റേഷനും ഉപരോധിച്ചിരുന്നു.
തൊഗാഡിയ രാജസ്ഥാന്‍ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്‌ജോത് ഭര്‍വദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജസ്ഥാന്‍ പൊലീസ് അത് നിഷേധിച്ചു. പരാതിയെതുടര്‍ന്ന് തൊഗാഡിയയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി അഹ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിന്റ് കമീഷണര്‍ ജെ.കെ. ഭട്ട് മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.
തൊഗാഡിയ പൊലീസ് കസ്റ്റഡിയിലില്ലെന്നും രാജസ്ഥാനിലെയോ ഗുജറാത്തിലെയോ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഭട്ട് വ്യക്തമാക്കി. പത്തു വര്‍ഷം മുമ്പ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് നിരോധനാജ്ഞ ലംഘിച്ച കേസില്‍ രാജസ്ഥാന്‍ കോടതി തൊഗാഡിയക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്റുമായി രാജസ്ഥാന്‍ പൊലീസ് അഹ്മദാബാദില്‍ എത്തിയ സമയത്താണ് തൊഗാഡിയയെ കാണാതായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല