സ്വന്തം ലേഖകന്‍: താന്‍ വംശീയ വിദ്വേഷി അല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; നിയമവിരുദ്ധമായി അമേരിക്കയിലെത്തിയ കുട്ടികളെ തിരിച്ചയയ്ക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപനം. ട്വീറ്റുകളിലൂടെയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്ക്കുത്തരമായിട്ടുമാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വ്യാഴാഴ്ച കുടിയേറ്റം സംബന്ധിച്ച യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയും ഹെയ്തിയെയും അപമാനിക്കുന്ന പരാമര്‍ശം ട്രംപ് നടത്തിയെന്ന ആരോപണത്തില്‍ ഇപ്പോഴും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. ട്രംപിന്റെ നടപടി വംശീയവിദ്വേഷമാണെന്ന് പലരും പ്രതികരിച്ചു. ഇതിനിടെയാണ് താന്‍ ഒട്ടും വംശീയവിദ്വേഷിയല്ലെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞത്.
അനധികൃതമായി അമേരിക്കയിലെത്തുന്ന കുട്ടികളുടെ സംരക്ഷണത്തിനുള്ള ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍ പ്രോഗ്രാം(ഡിഎസിഎ) നീട്ടാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്ക് ഇതില്‍ താത്പര്യമില്ലെന്നും ട്രംപ് ആരോപിച്ചു. പദ്ധതി നിര്‍ത്തുന്നതിനെതിരേ വിവിധ കോടതികളില്‍ കേസുകള്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ കേസുകളും തീര്‍പ്പാകുന്നതുവരെ പദ്ധതി തുടരണമെന്ന ഒരു വിധിയും കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല