സജീഷ് ടോം (യുക്മ പി ആര് ഒ): യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠന ക്ലാസ്സും ഫെബ്രുവരി പത്തിന് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നടക്കും. യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സ് നേഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പതിനൊന്നരയോടെ രജിസ്ട്രേഷനോട് കൂടി ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍, പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . യുകെയിലെ നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നത്.
നഴ്സിംഗ് മേഖലയില്‍ നേരിടുന്ന നിയമ പ്രശ്നങ്ങള്‍, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ്, ഷെയേര്‍ഡ് നോളഡ്ജ്, , തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്കില്‍സ് മുതലായ വിഷയങ്ങളാണ് പഠനക്ളാസ്സില് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സസ്സെക്സ് കമ്യൂണിറ്റി എന്‍ എച്ച് എസ് ട്രസ്റ്റിലെ റെസ്പിറേറ്ററി സ്പെഷ്യലിസ്റ് നേഴ്സും ഇന്‍ഡിപെന്‍ഡന്റ് ട്രെയിനറുമായ ജോവാന് കില്‍ഗാരിഫ് ആയിരിക്കും കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുക. യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ന്റെ ചെയര്‍മാനുമായ തമ്പി ജോസ്, റെഡിച്ചിലെ പ്രിന്‍സസ് അലക്സാന്‍ഡ്ര ഹോസ്പിറ്റലിലെ മേട്രനായ റെജി ജോര്‍ജ്ജ്, അതേ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ക്ലിനിക്കല്‍ സ്പെഷ്യലിസ്റ്റ് നേഴ്സായ ബിഞ്ചു ജേക്കബ് മിഷന് കെയറിലെ പ്രാക്ടീസ് ഡെവലപ്മെന്റ് മാനേജറായ ഡീ ഗുമ്പോ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്ന ഏകദിന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് നാല് മണിക്കൂര്‍ സി പി ഡി പോയിന്റും ലഭിക്കുന്നതാണ്.
യുക്മ സൗത്ത് വെസ്റ്റിലും മിഡ്ലാന്‍ഡ്സ് റീജിയണിലും നടന്ന കോണ്‍ഫറന്‍സുകള്‍ വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ റീജിയനുകളില്‍ കോണ്‍ഫറന്‍സുകളും പഠനക്ലാസ്സുകളും നടത്താന്‍ യുക്മ നേഴ്സസ് ഫോറത്തിന് പ്രചോദനമാകുന്നതെന്ന് നേഴ്സസ് ഫോറം കോര്‍ഡിനേറ്ററും യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി അഭിപ്രായപ്പെട്ടു. സൗത്ത് ഈസ്റ്റ് റീജിയണിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ റീജിയണല്‍ കോണ്‍ഫറന്‍സിന് ഉണ്ടാകണമെന്ന് നേഴ്സസ് ഫോറം പ്രസിഡന്റ് ബിന്നി മനോജ് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബിന്നി മനോജ് 07915601185, റെയ്നോള്‍ഡ് മാനുവല്‍ 07915912373, ബീനാ തോമസ് 07737384231 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം,
St. Philips Church Hall, Birken Road, Tunbridge Wells, Kent TN2 3TE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല