സ്വന്തം ലേഖകന്‍: കുല്ഭൂഷന് യാദവിനെ ഇറാനില്‍ നിന്ന് പാക് ചാര സംഘടന ഐഎസ്ഐ റാഞ്ചുകയായിരുന്നെന്ന് ബലൂച് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇറാനില്‍ വ്യാപാരം നടത്തിയിരുന്ന ഇന്ത്യക്കാരന് കുല്ഭൂഷന് ജാദവിനെ പാക്കിസ്ഥാന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന ഇന്ത്യയുടെ വാദത്തെ ശരിവക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പാക്ക് ചാരസംഘടനയായ ഐഎസ്ഐ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുല്ല ഒമര്‍ ബലൂച് ഇറാനിയെന്ന ആളുടെ സഹായത്താല്‍ ജാദവിനെ തട്ടിയെടുക്കുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ബലൂച് പ്രവര്ത്തകന് മാമാ ഖാദിര്‍ ബലൂചാണ്.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അങ്ങോളമിങ്ങോളം പരന്നുകിടക്കുന്ന വോയ്സ് ഫോര്‍ മിസ്സിങ് ബലൂച്സ് എന്ന സംഘടനാശൃംഖലയില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണു ഖാദിര്‍ ബലൂച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇദ്ദേഹമാണ് ഈ സംഘടനയുടെ ഉപാധ്യക്ഷന്‍. ഇറാനിലെ ഛബഹാര്‍ തുറമുഖ പട്ടണത്തില്‍നിന്നാണു ജാദവിനെ തട്ടിയെടുത്തത്. ബലൂച് പ്രക്ഷോഭകരെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും ഐഎസ്ഐയെ സഹായിക്കുന്നയാളാണു മുല്ല ഒമര്‍.
ഇയാളെ ഭീകരരുടെ ഗണത്തിലാണു ബലൂച് പ്രവര്‍ത്തകര്‍ പെടുത്തിയിരിക്കുന്നത്. പണത്തിനുവേണ്ടി ഐഎസ്ഐയുടെ ചാരനായി പ്രവര്‍ത്തിക്കുകയാണ് ഇയാള്‍. കോടിക്കണക്കിനു രൂപ ഈ തട്ടിക്കൊണ്ടുപോകലില്‍ മുല്ല ഒമറിനു നല്‍കിയിട്ടുണ്ടെന്നാണു വിശ്വസനീയ വിവരം, ഖാദിര്‍ ബലൂച് അറിയിച്ചു.തട്ടിക്കൊണ്ടുപോയപ്പോള്‍, കുല്ഭൂഷന് ജാദവിന്റെ കൈകള്‍ കെട്ടി, കണ്ണുമൂടിക്കെട്ടി കാറിലേക്ക് തള്ളിയിടുകയായിരുന്നു.
ഛബഹാറില്‍നിന്ന് ഇറാന് – ബലൂചിസ്ഥാന്‍ അതിര്‍ത്തിയിലെ മാഷ്കെലിലെത്തിച്ചു. അവിടെനിന്നു പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലും പിന്നീട് ഇസ്ലാമാബാദിലും എത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഡബിള്‍ ഡോര്‍ കാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. മാഷ്കെലില്‍വച്ചാണ് ഇയാളെ ഐഎസ്ഐക്കു കൈമാറിയത്. പിന്നീട് ജാദവിനെ ബലൂചിസ്ഥാനില്വച്ചു പിടികൂടിയെന്ന് ഐഎസ്ഐ അവകാശപ്പെടുകയായിരുന്നു. ജാദവ് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ബലൂചിസ്ഥാനില്‍ എത്തിയിരുന്നില്ലെന്നു തന്റെ സംഘടനാ സംവിധാനം വച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായതായും ഖാദിര്‍ ബലൂച് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല