സ്വന്തം ലേഖകന്‍: കണ്ണില്‍നിന്നും വായില്‍നിന്നും ചോര പൊടിഞ്ഞാല് സൂക്ഷിക്കണം; ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മാരക രോഗമായ ഐ ബ്ലീഡിംഗ് ഫീവര്‍ പടരുന്നു. ഉഗാണ്ടയിലും സുഡാനിലുമായി ഇതിനകം നാലുപേരുടെ ജീവനെടുത്ത ക്രിമിയന്‍കോംഗോ ഹിമറജിക് പനി (സി.സി.എച്ച്.എഫ്) എന്ന രോഗം അതിവേഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമെന്നാണ് ആശങ്ക. ഉഗാണ്ട ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുതായി കൂടുതല്‍ പേരില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉഗാണ്ടയില്‍ മാത്രം 60 ഓളം പേരിലാണ് രോഗം സംശയിക്കുന്നത്. വൈറസ് ബാധയേറ്റവരില്‍ 40 ശതമാനവും മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. ആരോഗ്യ സുരക്ഷക്ക് മതിയായ മുന്‍ഗണന ലഭിക്കാത്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗബാധ അതീവ ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്നാണ് ആശങ്ക.
സുഡാനില്‍ ഒരു ഗര്‍ഭിണിയും രണ്ടു കുട്ടികളും മരിച്ചിട്ടുണ്ട്. പക്ഷേ, രോഗം ഇതുതന്നെയാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 201415 വര്‍ഷങ്ങളില്‍ ആഫ്രിക്കയിലെ അതിദരിദ്ര രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സീറ ലിയോണ്‍ എന്നിവയെ പിടികൂടിയ ഇബോള വൈറസ് ബാധക്ക് സമാനമായ സാഹചര്യം പുതിയ രോഗംമൂലം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിലാണ് അന്താരാഷ്ട്ര സംഘടനകള്‍. 11,310 പേരാണ് മൂന്ന് രാജ്യങ്ങളിലായി അന്ന് മരിച്ചത്.
ചെള്ളിന്റെ കടിയേറ്റാണ് രോഗം ഉണ്ടാകുന്നത്. രോഗബാധിതരില്‍നിന്ന് പടരാനുള്ള സാധ്യതയും ഏറെയാണ്. നേരിട്ടുള്ള ഇടപഴകലിനു പുറമെ ശരീരത്തില്‍നിന്നുള്ള സ്രവങ്ങള്‍, രക്തം എന്നിവവഴിയും പടരാം. പനി, പേശീവേദന, തലവേദന, ഛര്‍ദി, തലകറക്കം, കഴുത്തുവേദന, വയറിളക്കം, വയറുവേദന, കണ്ണ്, വായ, ഗുദം എന്നിവ വഴി രക്തസ്വാവം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്നതോടെ അവയവങ്ങള്‍ തളര്‍ന്നുപോകാം. നിലവില്‍ ഈ രോഗത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല