സ്വന്തം ലേഖകന്‍: ഇതൊക്കെ എന്ത്! മൈനസ് ആറു ഡിഗ്രി തണുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കുളി; ചിത്രങ്ങള്‍ ആഘോഷമാക്കി സമൂഹ മാധ്യമങ്ങള്‍. യേശു ക്രിസ്തുവിനു ജോര്‍ദാന്‍ നദിയില്‍ മാമോദീസ നല്‍കിയതിന്റെ ഓര്‍മയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിളാണ് പുടിന്റെ കുളി. മോസ്കോയില്‍നിന്നു 400 കിലോമീറ്റര്‍ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെന്‍സ്കി ആശ്രമത്തിനടുത്തുള്ള സെലിഗര്‍ തടാകത്തില്‍ സ്നാനം ചെയ്താണ് ഓര്‍ത്തഡോക്സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന ചടങ്ങില്‍ പുടിന് പങ്കാളിയായത്.
മൈനസ് ആറ് ഡിഗ്രി തണുപ്പുണ്ടായിരുന്നതിനാല്‍ രോമക്കുപ്പായം അണിഞ്ഞാണ് അദ്ദേഹം എത്തിയത്. അതു നീക്കിയശേഷം അര്‍ധനഗ്നനായി പടികളിറങ്ങി. തടാകം തണുത്തുറഞ്ഞുകിടന്നിരുന്നതിനാല്‍ കുളിക്കാനായി മഞ്ഞുപാളി നീക്കിയിട്ടിരുന്നു. പുരോഹിതന്മാര് ആശീര്‍വദിച്ച ജലത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കുരിശുവരച്ചശേഷം മുങ്ങി.
കഴുത്തില്‍ കുരിശുമാലയും അണിഞ്ഞാണ് റഷ്യന്‍ പ്രസിഡന്റ് എത്തിയത്. ഓര്‍ത്തഡോക്സ് സഭാ പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുള്ള അദ്ദേഹം ദനഹാക്കുളി പരസ്യമായി നടത്തുന്നത് ആദ്യമാണെന്നു പറയുന്നു. എന്നാല്‍ ഇതിനു മുന്‍പും പങ്കെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വക്താവിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല