സ്വന്തം ലേഖകന്‍: വിവാഹം ആകാശത്ത് വച്ച് നടക്കുന്നു, വിമാനത്തില്‍ മാര്‍പാപ്പയുണ്ടെങ്കില്‍! 36,000 അടി ഉയരത്തില്‍ വിവാഹം ആശീര്‍വദിച്ച് മാര്‍പാപ്പ. ലാറ്റിനമേരിക്കന്‍ വിമാനക്കമ്പനിയായ ലറ്റാം എര്‍ലൈനിലെ ജീവനക്കാരായ കാര്‍ലസ് കുഫാഡിയുടെയും പോളാ പോഡെസ്റ്റിന്റെയും വിവാഹമാണ് സമൂഹ മാധ്യമങ്ങള്‍ തരംഗമായത്. കാരണം 36000 അടി ഉയരത്തില്‍ പറന്ന ഇവരുടെ വിവാഹം നടത്തിക്കൊടുത്തത് സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് എന്നതാണ്.
2010 ല്‍ കാര്‍ലസ് കുഫാഡിയുടെയും പോളാ പോഡെസ്റ്റിന്റെയും വിവാഹം നടന്നിരുന്നതാണെങ്കിലും ഇരുവര്‍ക്കും കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം നടത്താന്‍ സാധിച്ചിരുന്നില്ല.. വിവാഹം നടത്താനായി നിശ്ചയിച്ചിരുന്ന പള്ളി ഭൂകമ്പത്തില്‍ തകര്‍ന്നുപോയതായരുന്നു കാരണം.
എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന വിമാനത്തിലെ യാത്രക്കാരനായി ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയതോടെ അസുലഭമായ ഭാഗ്യം ഇവരുടെ മുന്നിലെത്തി. ചിലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ. അദ്ദേഹത്തോടൊപ്പം ഒരുമിച്ചുള്ള ചിത്രം എടുക്കാന്‍ കാര്‍ലസും പോളയും എത്തി. ഇരുവരും ദമ്പതികളാണെന്ന് മനസിലാക്കിയ മാര്‍പാപ്പ വിവാഹിതരാണോയെന്ന് ആരാഞ്ഞു.
അപ്പോഴാണ് തങ്ങള്‍ക്ക് ഒരു പുരോഹിതന്റെ മുന്നില്‍ നിന്ന മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ സാധിക്കാതെ പോയ സാഹചര്യം ഇവര്‍ വിശദീകരിച്ചത്. ഇതോടെ സമ്മതിക്കുകയാണെങ്കില്‍ വിവാഹം താന്‍ തന്നെ നടത്തിത്തരാമെന്ന് മാര്‍പാപ്പ പറയുകയായിരുന്നു. പോളയ്ക്കും കാര്‍ലസിനും കേട്ടത് വിശ്വസിക്കാനായില്ല.
തുടര്‍ന്ന് വിമാനത്തിലെ അത്രയും യാത്രക്കാരെ സാക്ഷിയാക്കി ആകാശത്തുവെച്ച് മാര്‍പാപ്പ അവരുടെ വിവാഹം നടത്തിക്കൊടുത്തു. മാര്‍പാപ്പയുടെ കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ലാറ്റന്‍ വിമാനക്കമ്പനിയിലെ രണ്ടുപേര്‍ വിവാഹ പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ടു. പിന്നാലെ ഫ്രാന്‍സിസ് എന്ന ലളിതമായ ഒപ്പ് നല്‍കി വിവാഹം നടന്നതായി മാര്‍പാപ്പ ഓദ്യോഗിക സാക്ഷ്യം നല്‍കി.
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് മറ്റൊരു നഗരമായ ഇക്വിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു മാര്‍പാപ്പ. ഇക്വിക്ക് വിമാനത്താവളത്തില്‍ മാര്‍പാപ്പയെ കാത്ത് നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. മുന്നുദിവസത്തെ സന്ദര്‍ശമാണ് അദ്ദേഹത്തിന് ഇവിടെയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല