സ്വന്തം ലേഖകന്‍: ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് യുഎസ് നഗരങ്ങളില്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍. സെനറ്റില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ, ഭരണത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ട്രംപിനെതിരെ യുഎസില്‍ സ്ത്രീകളുടെ വന്‍പ്രതിഷേധ പരമ്പര. ട്രംപിന്റെ ആദ്യ പ്രവൃത്തി ദിനത്തില്‍ കഴിഞ്ഞവര്‍ഷം അരങ്ങേറിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണിത്. അതേസമയം, സ്ത്രീകള്‍ക്കു മാര്‍ച്ച് നടത്തുന്നതിന് അനുയോജ്യമായ സുന്ദരമായ കാലാവസ്ഥയാണു രാജ്യത്തെന്നു ട്വിറ്ററിലൂടെ ട്രംപ് പ്രതികരിച്ചു.
വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ ഉള്‍പ്പെടെ 250 നഗരങ്ങളില്‍ ലക്ഷക്കണക്കിനു സ്ത്രീകളാണു പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ന്യൂയോര്‍ക്കില്‍ ഒരു ലക്ഷത്തിലധികവും ലൊസാഞ്ചലസില്‍ മൂന്നു ലക്ഷത്തിലധികവും സ്ത്രീകള്‍ പങ്കെടുത്തതായാണു പ്രാഥമിക കണക്കുകള്‍. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. മാര്‍ച്ചിനു പിന്തുണയുമായി അതേ സമയത്തുതന്നെ സിഡ്നി, ലണ്ടന്‍, ടോക്കിയോ തുടങ്ങിയ വന്‍നഗരങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി.
ട്രംപിന്റെ നയങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. വര്‍ധിച്ച ലൈംഗിക ചൂഷണം, വേതനത്തിലെ ലിംഗവിവേചനം തുടങ്ങിയവയും മുദ്രാവാക്യങ്ങളായി മുഴങ്ങി.വംശീയ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ട്രംപ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളും ഉന്നയിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം, ഹവായിയില്‍ നിന്നുള്ള തെരേസ ഷുക്ക് വിഭാവനം ചെയ്ത ട്രംപ് വിരുദ്ധ വനിതാ മാര്‍ച്ച് സമൂഹ മാധ്യമങ്ങളിലൂടെ ആഗോള പിന്തുണ നേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല