സ്വന്തം ലേഖകന്‍: ദുബായ് വിമാനത്താവളത്തില്‍ പാക് കുടുംബം മറന്നുവച്ച മൂന്നു വയസുകാരിക്ക് തുണയായത് വിമാനത്താവള ജീവനക്കാര്‍. കുഞ്ഞിനെ മറന്നുവച്ചു കുടുംബം അല്‍ഐനിലെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടുകാര്‍ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി കഴിഞ്ഞത് എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണയിലും.
ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പാകിസ്താനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അല്‍ഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും കുട്ടി മറ്റേ വാഹനത്തില്‍ ഉണ്ടാകുമെന്നാണു കരുതിയത്. വിമാനത്താവള ഓഫീസില്‍നിന്നും ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്.
വിമാനമിറങ്ങിയ കുടുംബാംഗങ്ങള്‍ യാത്രാനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തിലെ ക്യാമറ നിരീക്ഷിക്കുമ്പോഴാണ് ഒറ്റപ്പെട്ട കുട്ടി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു വിമാനത്താവള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ടെലഫോണ്‍ നമ്പര്‍ കണ്ടെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല