സ്വന്തം ലേഖകന്‍: ദാവേസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ട്രംപിനെതിരെ പ്രതിഷേധം ശക്തം. ദാവേസിലെ സൂറിച്ചില്‍ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ട്രംപിനെ നാസികളോട് ഉപമിച്ചതടക്കമുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണ് റാലി നടന്നത്. ലോക സാമ്പത്തിക ഉച്ചകോടിക്കും ട്രംപിനുമെതിരായാണ് തങ്ങളുടെ പ്രതിഷേധമെന്ന് റാലിയില്‍ പങ്കെടുത്തവരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തിലെ സമ്പന്നര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായി ശത്രുത പരത്തുന്ന ഒരാള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥാനമില്ലെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കുര്‍ദിഷ്, ഫലസ്തീന്‍ സംഘടനകള്‍ എന്നിവരാണ് റാലിയില്‍ അണിനിരന്നത്.
അതിനിടെ, അടുത്ത ദിവസം ദാവോസിലെത്തുന്ന ട്രംപ് വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പില്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകോടിയെ അഭിമുഖീകരിച്ച് ട്രംപ് സംസാരിക്കുകയും ചെയ്യും. ബ്രിട്ടന്‍, ഇസ്രായേല്‍ രാഷ്ട്രത്തലവന്മാരുമായാണ് പ്രധാന കൂടിക്കാഴ്ച. ഉത്തര കൊറിയന്‍ ഭീഷണി, ഐ.എസ് വിരുദ്ധ യുദ്ധം എന്നിവ ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല