സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എട്ടു നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതി. ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വിസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഉഡാന്‍. കണ്ണൂരില്‍നിന്ന് എട്ടു നഗരങ്ങളിലേക്ക് പദ്ധതി പ്രകാരം സര്‍വിസ് നടത്താന്‍ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികള്‍ക്ക് അനുമതിയായി. ആറു മാസത്തിനകം സര്‍വിസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂരില്‍നിന്ന് ബംഗളൂരു, ചെന്നൈ, ഗോവ, ഹിന്‍ഡന്‍, ഹുബ്ലി, മുംബൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്താന്‍ ഈ കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അനുമതി രേഖകള്‍ കൈമാറി. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്പൈസ് ജെറ്റ് എല്ലാ ദിവസവും 78 വീതം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന രണ്ടു സര്‍വിസുകളാണ് നടത്തുക. രണ്ടിടത്തേക്കും ഇന്‍ഡിഗോ വിമാനങ്ങളില്‍ 74 പേര്‍ക്ക് പോകാം.
ഈ സര്‍വീസുകളുടെ പരമാവധി നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ബംഗളൂരുവിലേക്ക് സ്പൈസ് ജെറ്റ് 1810 രൂപയും ഇന്‍ഡിഗോ 1699 രൂപയുമാണ് ഈടാക്കുക. ചെന്നൈയിലേക്ക് ഇത് യഥാക്രമം 2660 രൂപ, 2499 രൂപ എന്നിങ്ങനെയായിരിക്കും. തിരുവനന്തപുരം സര്‍വിസിന് താല്പര്യം പ്രകടിപ്പിച്ച ഇന്‍ഡിഗോ 2099 രൂപയാണ് ഈടാക്കുക. 74 യാത്രക്കാര്‍ക്ക് സൗകര്യമുള്ള പ്രതിദിന സര്‍വിസാണിത്.
കൊച്ചിയിലേക്കും ഇന്‍ഡിഗോ ഇത്രതന്നെ യാത്രക്കാരുടെ പ്രതിദിന സര്‍വിസ് നടത്തും. നിരക്ക് 1399 രൂപ.ഗോവ, ഹിന്‍ഡന്‍, ഹുബ്ലി, മുംബൈ സര്‍വിസുകള്‍ക്ക് മുന്നോട്ടുവന്നത് ഇന്‍ഡിഗോയാണ്. മുംബൈയിലേക്കും ഹിന്‍ഡനിലേക്കും 180 യാത്രക്കാരുടെ സര്‍വിസാണ് തുടങ്ങുന്നത്. രണ്ടിടത്തേക്കും നിരക്ക് 3199 രൂപ. ഗോവയിലേക്ക് 2099 രൂപ, ഹുബ്ലിയിലേക്ക് 1999 രൂപ. ഇതും 74 യാത്രക്കാരെ വഹിക്കാവുന്ന ചെറുവിമാനങ്ങളായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല