സ്വന്തം ലേഖകന്‍: 102 ഭാഷകളിലെ പാട്ടുകള്‍ പാടി ലോക റെക്കോര്‍ഡ് സ്വന്തമാക്കി ദുബായിലെ മലയാളി വിദ്യാര്‍ഥിനി. 102 ലോക ഭാഷകളിലെ ഗാനങ്ങള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ തടിച്ചുകൂടിയവര്‍ക്കു മുന്‍പില്‍ ആലപിച്ചാണ് 12 വയസുകാരിയായ സുചേത അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മലയാളം ഉള്‍പ്പെടെ 26 ഇന്ത്യന്‍ ഭാഷകളിലും 76 മറ്റു ഭാഷകളിലും നിന്നുള്ള പാട്ടുകളാണ് ഈ കൊച്ചു പാട്ടുകാരി പാടിയത്.
ഫേസ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്ത പരിപാടി അമേരിക്കയിലെ വേള്‍ഡ് റെക്കോഡ് അക്കാദമിയുടെ പ്രതിനിധികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. അറബിക്, ജാപ്പനീസ്, തഗലോഗ്, ഫ്രഞ്ച്, മലായ്, നേപ്പാളീസ്, ഫിന്നിഷ്, പോളിഷ്, ഉസ്‌ബെക്, മാന്‍ഡറിന്‍, തമിഴ്, കന്നഡ, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, അസമീസ്, കൊങ്കിണി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ പാട്ടുകള്‍ ഉച്ചാരണ ശുദ്ധിയോടെയാണ് സുചേത ആലപിച്ചത്.
തിരഞ്ഞെടുത്ത 102 പാട്ടുകളുടെ വിശദവിവരങ്ങള്‍ നേരത്തേതന്നെ വേള്‍ഡ് റെക്കോഡ് അക്കാദമിക് സമര്‍പ്പിച്ചിരുന്നു. വൈകിട്ട് നാലോടെ ആരംഭിച്ച യജ്ഞത്തില്‍ അമ്പത് പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചു മിനിറ്റ് മാത്രമാണ് വിശ്രമിക്കാനെടുത്തത്. പത്തരയോടെ റെക്കോഡ് പിറന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ സംബന്ധിച്ചു. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുചേത ദുബായില്‍ പ്രാക്ടീസ് ചെയ്യുന്ന കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. സതീഷ്, സുമിതാ സതീഷ് ദമ്പതികളുടെ മകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല