ജോര്‍ജ് മാത്യു: ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവും, ഭാഗ്യവാനും, പുണ്യവാനും രക്തസാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഫാ. ടി. ജോര്‍ജ് (അയര്‍ലന്‍ഡ്) പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനായിരുന്നു.
സ്തേഫാനോസ് സഹദായുടെ വിശ്വാസ തീക്ഷണതയും, ത്യാഗമനോഭാവവും നമ്മുടെ വിശ്വാസ ജീവിതത്തിനു ഊര്‍ജ്ജം പകരുവാന്‍ പര്യാപതമാണെന്ന് കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ ഫാ. ടി. ജോര്‍ജ് ചൂണ്ടിക്കാട്ടി. ജനുവരി 27ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കൊടിയേറ്റ്, സന്ധ്യാപ്രാര്‍ത്ഥന, വചനപ്രഘോഷണം, ആശിര്‍വാദം എന്നിവ നടന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരം, വി. കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം, സ്നേഹവിരുന്ന്, ലേലം, കൊടിയിറക്ക് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. സഹദായുടെ സഹനത്തിന്റെയും ക്രിസ്തീയ സാക്ഷ്യത്തിന്റെയും സ്മരണ പുതുക്കി കൊണ്ട് നടന്ന റാസയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പാഠ്യ പാഠ്യേതര മത്സര വിജയികളായ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫാ. ടി. ജോര്‍ജ് വിതരണം ചെയ്തു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ്, ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു പി. തോമസ്, ആധ്യാത്മികാ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല