സ്വന്തം ലേഖകന്‍: കൈയില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയും ആകെ സ്വത്ത്! ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായി ത്രിപുരയുടെ മണിക് സര്‍ക്കാര്‍. ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന് ഇതുവരെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വന്നിട്ടില്ല. അതിനുമാത്രം വരുമാനമില്ലാത്തതാണ് കാരണം.
ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോഴാണു മണിക് സര്‍ക്കാര്‍ എന്ന ‘ദരിദ്ര’ മുഖ്യമന്ത്രിയുടെ വിവരങ്ങള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. 1998 മുതല്‍ ത്രിപുര മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ കിട്ടുന്ന ശമ്പളമെല്ലാം പാര്‍ട്ടിക്കു സംഭാവന ചെയ്യുന്നു. പാര്‍ട്ടി നല്കുന്ന 5,000 രൂപ അലവന്‍സാണ് ഈ അറുപത്തിയൊന്പതുകാരന് ചെലവിനെടുക്കുന്നത്. വേറെ ബാങ്ക് നിക്ഷേപങ്ങളില്ല. നിയമസഭാംഗത്തിനു ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥലത്താണു താമസമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, മണിക് സര്‍ക്കാരിന്റെ ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ കൈവശം 20,140 രൂപ പണമായും രണ്ടു ബാങ്കുകളിലായി 2,10,574 രൂപ നിക്ഷേപവുമുണ്ട്. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയാണ്. ഇവര്‍ക്കു സ്ഥിര നിക്ഷേപമായി 9.25 ലക്ഷം രൂപയും 20 ഗ്രാം സ്വര്‍ണവുമുണ്ട്. 2011–12 വര്‍ഷത്തിലാണു ഇവര്‍ അവസാനമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല