സ്വന്തം ലേഖകന്‍: താലിബാനുമായി ചര്‍ച്ചയില്ല, അവസാന താലബാന്‍ ഭീകരനേയും തുരത്തും; അഫ്ഗാനില്‍ വീണ്ടും യുദ്ധ സൂചന നല്‍കി ട്രംപ്. വൈറ്റ്ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയ യുഎന്‍ രക്ഷാസമിതി രാജ്യങ്ങളിലെ സ്ഥാനപതിമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഈയിടെ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 130ല്‍ അധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണു ട്രംപ് നിലപാടു വ്യക്തമാക്കിയത്.
തത്കാലം താലിബാനുമായി യാതൊരു ചര്‍ച്ചയ്ക്കും ഉദ്ദേശ്യമില്ല. അവര്‍ യാതൊരു വിവേചനവും കൂടാതെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ നിഷ്‌കരുണം കൊല്ലുകയാണ്. തലങ്ങും വിലങ്ങും ബോംബിടുന്നു. അവരെ ഉന്മൂലനം ചെയ്യുകയാണു വേണ്ടത് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരേ കടുത്ത നടപടിക്കു യുഎസ് തയാറെടുക്കുകയാണെന്നതിന്റെ സൂചനയാണു ട്രംപിന്റെ വാക്കുകളെന്നു നിരീക്ഷകര്‍ കരുതുന്നു.
കഴിഞ്ഞ ദിവസം കാബുളിലെ സൈനിക അക്കാഡമിയില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 11 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതിന് ഏതാനും ദിവസം മുന്പ് കാബൂളില്‍ താലിബാന്‍ നടത്തിയ ആംബുലന്‍സ് ആക്രമണത്തില്‍ 103 പേരാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല