സ്വന്തം ലേഖകന്‍: ആഗോള ജനാധിപത്ര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്; പിഴവുകളുള്ള ജനാധിപത്യമെന്ന് വിശേഷണം. ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള ജനാധിപത്യ സൂചികയിലാണ് ഇന്ത്യയുടെ സ്ഥാനം 42 ആം സ്ഥാനത്തായത്. കഴിഞ്ഞ വര്‍ഷം 32 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പിഴവുകളുള്ള ജനാധിപത്യമെന്ന വിഭാഗത്തിലാണ് ഇത്തവണ സ്ഥാനം പിടിച്ചത്. യുകെയിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്.
നോര്‍വെ, ഐസ്!ലന്‍ഡ്, സ്വീഡന്‍ എന്നീ രാഷ്ട്രങ്ങളാണു പട്ടികയില്‍ മുന്നിലുള്ളത്. സൂചിക പ്രകാരം 167 രാഷ്ട്രങ്ങളെ അഞ്ചു ഘടകങ്ങളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പു പ്രക്രിയ, പൗരസ്വാതന്ത്ര്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം എന്നിവയാണവ. സമ്പൂര്‍ണ ജനാധിപത്യം, പിഴവുകളുള്ള ജനാധിപത്യം, മിശ്ര ജനാധിപത്യം, ആധികാരിക മേഖല എന്നിങ്ങനെ നാലു ഘട്ടങ്ങളായും രാഷ്ട്രങ്ങളെ തിരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പു പ്രക്രിയയുടെ കാര്യത്തില്‍ ഇന്ത്യ മികച്ച പോയിന്റു നേടിയെങ്കിലും രാഷ്ട്രീയ സംസ്‌കാരം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യ പിന്നോട്ടുപോയത്. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്രം പോലും ഭാഗികമാണെന്നും സൂചിക വിലയിരുത്തുന്നു. ഇന്ത്യയില്‍ ചത്തീസ്ഗഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണു മാധ്യമങ്ങള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്.
നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുന്നതും മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതും കണക്കിലെടുത്താണു മാധ്യമ പ്രവര്‍ത്തന സാഹചര്യങ്ങള്‍ ഇന്ത്യയില്‍ മോശമാണെന്ന കണ്ടെത്തല്‍.
21 ആം സ്ഥാനത്തുള്ള യുഎസ്, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, ഇസ്രായേല്‍, സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ രാഷ്ട്രങ്ങളും പിഴവുകളുള്ള ജനാധിപത്യമാണു നിലവിലുള്ളതെന്നും സൂചിക വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല