സ്വന്തം ലേഖകന്‍: അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ട്രംപ്. അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് നിയമനിര്‍മാണം വേണമെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. കുടിയേറ്റ വിഷയത്തില്‍ തന്റെ മുന്‍ നിലപാട് ട്രംപ് ആവര്‍ത്തിച്ചു. കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റ പദ്ധതിയിലേയ്ക്ക് മാറേണ്ട സമയമായിരിക്കുന്നു. അമേരിക്കയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്ന വിദേശികള്‍ക്കു മാത്രം കുടിയേറ്റം അനുവദിച്ചാല്‍ മതി.
അമേരിക്കന്‍ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റം മാത്രമേ അനുവദിക്കാനാകൂ. കുടിയേറിയവര്‍ അവരുടെ ബന്ധുക്കളെ കൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.
നിയമാനുസൃതമായി അമേരിക്കയിലേയ്ക്കു കുടിയേറിയ കുടുംബങ്ങളിലെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കും. അമേരിക്കയില്‍ 12 വര്‍ഷം വിദ്യാഭ്യാസത്തോടെയും നല്ല സ്വഭാവത്തോടെയും തുടരുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക നില ഭദ്രമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച നികുതി പരിഷ്‌കാരമാണ് ഒരുവര്‍ഷത്തിനിടെ അമേരിക്കയില്‍ നടപ്പാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല