ബ്രിസ്റ്റോള്‍: ആഗോള, ദേശീയ തലങ്ങളില്‍ സാമൂഹ്യക്ഷേമ, പരിസ്ഥിതി, വിദ്യാഭ്യാസ, ശാസ്ത്ര മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വമ്പിച്ച വരവേല്പ് നല്‍കി. വിശിഷ്ട, നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരിഗണിച്ച് മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന് സ്വീകരണവേദിയില്‍ വെച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഡപ്യൂട്ടി ലോര്‍ഡ് ല്യൂട്ടനന്റ് കീത്ത് ബോണം പിതാവിന് മെമന്റോ നല്‍കി പ്രസംഗിച്ചു. ലോര്‍ഡ് മേയര്‍ ജോഫ് ഗൊല്ലോപ്പ്, എം.പിമാരായ ചാര്‍ലറ്റ് ലെസ് ലി, ജാക്ക് ലോപര്‍സ്റ്റി, ക്രിസ്സ് സ്‌കിഡ്‌മോര്‍, ബ്രാഡ്‌ലി സ്‌റ്റോക്ക് മേയര്‍ ബെന്‍ വാക്കര്‍, സൗത്ത് ഗ്ലൂസ്റ്റര്‍ ഷെയര്‍ ഇക്വാലിറ്റീസ് ചെയര്‍മാന്‍ ടോം ആദിത്യ തുടങ്ങിയവര്‍ പ്രസംഗങ്ങള്‍ നടത്തി.
ബിഷപ്പ് റവ. ഡോ. ഗ്രേഗ്ഗ് തോംപ്‌സണ്‍, ബ്രിസ്‌റ്റോള്‍ കത്തീഡ്രല്‍ ഡീന്‍ റവ.ഡോ. ഡേവിഡ് ഹൊയില്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കോളിന്‍ സ്‌കെല്ലെറ്റ്, തുടങ്ങി ഭരണ, നയതന്ത്ര, വ്യവസായ, ജീവകാരുണ്യ ആത്മീയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സ്വീകരണ യോഗത്തില്‍ സന്നിഹിതരായിരുന്നു. സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ്, സെക്രട്ടറി അഡ്വ. വിസി സെബാസ്റ്റ്യന്‍ എന്നിവര്‍ വാത്സിങ്ങാം തീര്‍ത്ഥാടനം, അല്‍മായ സമ്മേളനങ്ങള്‍, ശുശ്രൂഷകള്‍, സെന്റ് തോമസ് തോമസ് കാത്തലിക് ഫോറം ദേശീയ കണ്‍വന്‍ഷന്‍,വിവിധ ആത്മീയ നയതന്ത്ര ഓഫീസുകളിലെ സന്ദര്‍ശനം എന്നിവക്കായി യു.കെയിലും അയര്‍ലന്‍ഡിലും 2 ആഴ്ചത്തെ പര്യടനത്തിനായി എത്തിയതായിരുന്നു.
ഉച്ച കഴിഞ്ഞ ഇന്ത്യയിലേക്ക് തിരിച്ച പിതാവിന് ഹീത്രു വിമാനത്താവളത്തില്‍ ഉജ്ജ്വല യാത്രയയപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല