ന്യൂദല്‍ഹി: പാകിസ്ഥാനിലെ ആദ്യ വനിതാ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് ഇന്ത്യയിലെത്തി. ബുധനാഴ്ച നടക്കുന്ന ഇന്ത്യ-പാക് ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഹിന റബ്ബാനി ദല്‍ഹിയിലെത്തിയത്. ഇരുരാജ്യങ്ങളും ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നാണ് താന്‍ കരുതുന്നതെന്ന് റബ്ബാനി ദല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘ ചരിത്രത്തില്‍ നിന്ന് നാം പാഠം ഉള്‍ക്കൊള്ളണം, എന്നാല്‍ നാം ചരിത്രത്തിന്റെ തടവറയില്‍ ആയിക്കൂട. നമുക്ക് നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ കഴിയും. ഇരു രാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഭാവിയില്‍ മനസ്സിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നമുക്ക് നല്ല അയല്‍വാസികളായി മുന്നോട്ട് പോവാം’ ഹിന റബ്ബാനി വ്യക്തമാക്കി.
ജമ്മുകാശ്മീര്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ അജണ്ടയാവുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ പുതുക്കിയ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റും പാകിസ്ഥാന് കൈമാറും.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളില്‍ ക്രിയാത്മകവും ഫലമുണ്ടാക്കുന്നതുമായ ഇടപെടലാണ് പാകിസ്ഥാന് ആഗ്രഹിക്കുന്നതെന്ന് ലാഹോര്‍ വിടുന്നതിന് മുമ്പ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ തടസ്സങ്ങളില്ലാത്ത സമാധാന ചര്‍ച്ചകള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായാണു ഹിന ഇന്ത്യയിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല