സ്വന്തം ലേഖകന്‍: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതായ സംഭവം; കപ്പല്‍ കണ്ടെത്താന്‍ നൈജീരിയ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി സുഷമാ സ്വരാജ്. എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പല്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് നൈജീരിയന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
കപ്പലിനെ കണ്ടെത്താന്‍ നൈജീരിയയുടെ സഹായം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രി ജ്യോഫ്രി ഒന്യാമ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും സുഷമ ട്വീറ്റ് ചെയ്തു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം (നമ്പര്‍ +234)9070343860) പ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു. കപ്പലിലെ ആശയവിനിമയ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവച്ച നിലയിലാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇതുവരെ സന്ദേശങ്ങളും വന്നിട്ടില്ല.
ജനുവരി 31നു വൈകിട്ട് ആറരയോടെയാണു കപ്പല്‍ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകന് ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബെനീനിലെ കൊട്ടോനൗവില്‍ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്നല്‍ ലഭിച്ചത്. 52.65 കോടി രൂപ വിലമതിക്കുന്ന 13,500 ടണ്‍ ഇന്ധനമാണു കപ്പലിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല