സ്വന്തം ലേഖകന്‍: ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ സദാം ഹുസൈന്റെ മൂത്ത മകളും. ഐഎസ്ഐഎല്‍, അല്‍ഖായിദ, സദ്ദാമിന്റെ ബാത്ത് പാര്‍ട്ടി എന്നിവയുമായി ബന്ധമുള്ള 28 പിടികിട്ടാപ്പുള്ളികളുടെ പട്ടികയാണ് ഇറാഖ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
രാജ്യത്ത് അക്രമത്തിനു പ്രേരണ നല്‍കുകയും ഭീകരപ്രവര്‍ത്തനങ്ങളോടു സഹകരിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. ഇറാഖ് സര്‍ക്കാര്‍ 2006 മുതല്‍ റഗദിനെ അന്വേഷിച്ചുവരികയാണ്. വിദേശത്തിരുന്നുകൊണ്ട് ഇറാഖില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
എന്നാല്‍, അപമാനിക്കുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നു റഗദ് അല്‍ അറേബ്യയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘2003ല്‍ ഇറാഖില്‍ യുഎസ് അധിനിവേശമുണ്ടായപ്പോഴും അതിനുശേഷവും ബാത്ത് പാര്‍ട്ടിയില്‍ എനിക്കൊരു പങ്കാളിത്തവുമില്ല,’ റഗദ് പറഞ്ഞു. റഗദ് ജോര്‍ദാനില്‍ ഒളിവു ജീവിതത്തിലാണെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല