1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരുടെ പൂര്‍വികന് കറുത്തതൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയും; ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബ്രിട്ടനില്‍ കണ്ടെത്തിയ 10,000 വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തില്‍ നിന്നാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന് പേരിട്ട മനുഷ്യന്റെ സവിശേഷതകള്‍ യുറോപ്യന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയത്. തലയോട്ടിയുടെ ഡിഎന്‍എയില്‍ നിന്നാണ് ഈ കണ്ടെത്തലുകള്‍.

1903ല്‍ ഇംഗ്ലണ്ടിലെ സോമര്‍സെറ്റില്‍ ചെഡ്ഡാര്‍ ഗോഴ്ഗിലുള്ള ഗൗഫ്‌സ് കേവ് എന്ന സ്ഥലത്ത് നിന്നാണ് ചെഡ്ഡാര്‍ മനുഷ്യന്റെ അസ്ഥികൂടം ലഭിച്ചത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചെഡ്ഡാര്‍ മാന്റെ രൂപം ഗവേഷകര്‍ വീണ്ടും നിര്‍മ്മിച്ചിട്ടുണ്ട്. ഹിമയുഗ കാലഘട്ടത്തിന്റെ അവസാനത്തില്‍ യൂറോപ്പിലേക്ക് കുടിയേറിപ്പാര്‍ത്ത വേട്ടക്കാരനായിരുന്നു ചെഡ്ഡാര്‍ മാന്‍.
വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം ആഗീരണം ചെയ്യപ്പെട്ടതിനാല്‍ വടക്കന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന പുരാതന മനുഷ്യര്‍ക്ക് വിളറിയ നിറമാണ് ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു.

സ്‌പെയിന്‍,ഹംഗറി, ലക്‌സംബര്‍ഗ് എന്നിവിടങ്ങളില്‍ കണ്ടെത്തിയ മറ്റു മെസോലിത്തിക് കാലഘട്ടങ്ങളുള്ള മനുഷ്യരുടെ ഡിഎന്‍എയുമായി ചെഡ്ഡാര്‍ മനുഷ്യന്റെ ജനതിക ഘടകങ്ങള്‍ക്ക് സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റേണ്‍ ഹണ്ടര്‍ഗേറ്റേര്‍സ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് 12,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹിമയുഗത്തിനു ശേഷം മിഡില്‍ ഈസ്റ്റില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്.

ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന അസ്ഥിത്വമാണ് ചെഡ്ഡാര്‍ മാനെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ബ്രിട്ടനില്‍ മനുഷ്യര്‍ ജീവിച്ചിരുന്നു, എന്നാല്‍ അവര്‍ ഹിമയുഗ കാലഘട്ടങ്ങളില്‍ ഇല്ലാതായെന്നും പുതിയ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു.
അക്കാലത്ത് ബ്രിട്ടനിലെ വേട്ടക്കാരായ സേനാനികളുടെ ഒരു ചെറിയ ജനവിഭാഗമായിരുന്നു ചെഡ്ഡാര്‍ മാന്‍. ഈ വിഭാഗക്കാര്‍ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നത്.

എന്നാല്‍ 20 വയസില്‍ ഇവര്‍ മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും, ഒരുപക്ഷേ അക്രമത്തിലൂടെയാകാം ഇവര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും പതിറ്റാണ്ടുകളായി ഇവരെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.ബ്രിട്ടനിലെ ചാനല്‍ 4ല്‍ ഫെബ്രുവരി 18ന് ടെലിവിഷന്‍ ഡോക്യുമെന്ററിയിലുടെ ഗവേഷകര്‍ പുതിയ കണ്ടെത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.