സ്വന്തം ലേഖകന്‍: വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ദുബായ്; 2017 ല്‍ രാജ്യം സന്ദര്‍ശിച്ചത് 15.8 മില്യണ്‍ സഞ്ചാരികള്‍! മുന്‍വര്‍ഷത്തേക്കാള്‍ 6.2 ശതമാനത്തിന്റെ വര്‍ധനവാണ് 2017 ല്‍ രേഖപ്പെടുത്തിയത്. 2020ല്‍ 20 മില്യണ്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യവുമായി നീങ്ങുന്ന ദുബായിക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വാര്‍ത്ത.
ദുബായ് ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് വിഭാഗം ആണ് കണക്ക് പുറത്തുവിട്ടത്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നേതൃത്വത്തില്‍ ദുബായ് പുതിയ കുതിപ്പിലാണ്. സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധനവ് രാജ്യത്തിന്റെ ജിഡിപിയെ സ്വാധീനിക്കുന്നുവെന്നും അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്കാന് ശ്രമിക്കുമെന്നും ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സയീദ് അല്‍മറി പറഞ്ഞു.
ലോകമെമ്പാടുമുള്ള കണക്കെടുത്താല്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന നാലാമത്തെ നഗരമാണ് ദുബായ്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്നും അല്‍മറി വ്യക്തമാക്കി. സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പേര് ഇന്ത്യയില്‍ നിന്നുമാണ്, 2.1 മില്യണ്‍. ആദ്യമായാണ് ഒരു രാജ്യത്തു നിന്നുമാത്രം രണ്ട് മില്യണില്‍ അധികം ആളുകള്‍ ദുബായില്‍ സന്ദര്‍ശനത്തിന് എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല