സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ ‘സൂചി കുത്താന്‍ ഇടമില്ല’, രോഗികള്‍ക്ക് നാലു മണിക്കൂറിനുള്ളില്‍ ചികിത്സ കിട്ടിയാല്‍ ഭാഗ്യമെന്ന് കണക്കുകള്‍. അത്യാഹിത വിഭാഗങ്ങള്‍ ശൈത്യം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു. പിന്നാലെ ഫ്ലൂ പടര്‍ന്ന് പിടിച്ചതോടെ പല ആശുപത്രികളിലും സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥയായി. അത്യാഹിത വിഭാഗങ്ങള്‍ക്കുള്ള നിശ്ചിത സമയപരിധി പലപ്പോഴും മറികടക്കുന്ന തരത്തിലാണ് ആശുപത്രികളുടെ പ്രവര്‍ത്തനം.
ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഓരോ മാസവും രോഗികള്‍ ചികിത്സ കിട്ടാതെ നരകിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിസംബറില്‍ 77.3 ശതമാനത്തിന് മാത്രം നാല് മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിച്ചുവെങ്കില്‍ ജനുവരി മാസത്തില്‍ 77.1 ശതമാനം രോഗികള്‍ക്ക് മാത്രമേ അത്യാഹിത വിഭാഗങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ ചികിത്സ ലഭിച്ചുള്ളൂ. നാല് മണിക്കൂറിനുള്ളില്‍ രോഗികളെ പരിശോധിച്ച് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുകയോ അത്യാവശ്യമല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുകയോ വേണമെന്നാണ് നിയമം.
ആശുപത്രി അധികൃതര്‍ക്കോ എന്‍ എച്ച് എസ് മേധാവികള്‍ക്കോ ഇതിനൊരു പരിഹാരം കാണാന്‍ കഴിയുന്നില്ല. ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ട രോഗികള്‍ക്ക് പുതിയ തീയതികള്‍ കുറിച്ച് നല്‍കുകയാണ് ഡോക്ടര്‍മാരും. എമര്‍ജന്‍സി വിഭാഗങ്ങളില്‍ എത്തുന്ന രോഗികളെപ്പോലും പലപ്പോഴും മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുന്ന സ്ഥിതിവിശേഷവും കുറവല്ല. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇത് 36 തവണയാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
138,463 രോഗികളാണ് അത്യാഹിത വിഭാഗങ്ങളില്‍ അഡ്മിറ്റ് ആകുന്നതിന് മുപ്പത് മിനിറ്റോളം ഈ ശൈത്യകാലത്ത് ആംബുലന്‍സുകളില്‍ സമയം ചിലവഴിച്ചത്. 81,003 രോഗികള്‍ എ ആന്‍ഡ് ഇ കോറിഡോറുകളില്‍ നാലു മണിക്കൂറോളം ട്രോളിയില്‍ കിടന്നു. ആയിരക്കണക്കിന് ശാസ്ത്രക്രിയകളാണ് ആശുപതികള്‍ ഡിസംബറിലും ജനുവരിയിലുമായി അധികൃതര്‍ റദ്ദാക്കിയത്. അതിനിടെ എന്‍എച്ച്എസ് അധികൃതരുടെ മൗനത്തിനെതിരെ രോഗികള്‍ക്കിടയിലെ പ്രതിഷേധം വ്യാപിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല