സ്വന്തം ലേഖകന്‍: ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്സ് കോഡ് ചോര്‍ന്നു? ആപ്പിള്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതുണ്ടോ? സത്യം ഇതാണ്… .കോഡ് ഷെയറിങ് വെബ്സൈറ്റായ ഗിറ്റ്ഹബിലാണ് (GitHub) ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്സ് കോഡ് എന്ന പേരില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആപ്പിള്‍ തങ്ങളുടെ ഒഎസിന്റെ പഴയ വേര്‍ഷന്റെ സോഴ്സ് കോഡ് ചോര്‍ന്നതായി സമ്മതിക്കുകയും കോഡ് നീക്കം ചെയ്യാന്‍ ഗിറ്റ്ഹബിനോട് ആവശ്യപ്പെടുകയും ചെയ്തു.
2015ല്‍ ഇറക്കിയ ഐഒഎസ് 9ന്റെ സോഴ്സ് കോഡാണ് പുറത്തായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഒറിജിനല്‍ സോഴ്സ് കോഡ് ഗിറ്റ്ഹബില്‍ കണ്ടതായി ‘മദര്‍ബോഡ്’ എന്ന വെബ്സൈറ്റാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. ആപ്പിളിന്റെ നിര്‍ദ്ദേശപ്രകാരം അതു പിന്നീട് എടുത്തു മാറ്റിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് അതു ലഭിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ഡിജിറ്റല്‍ മില്ലേനിയം കോപ്പിറൈറ്റ് ആക്ട് (Digital Millennium Copyright Act) പ്രകാരമാണ് കോഡ് എടുത്തു മാറ്റാന്‍ ആപ്പിള്‍ ഗിറ്റ്ഹബിനോട് ആവശ്യപ്പെട്ടത്. ഒറിജിനല്‍ കോഡ് തന്നെയാണ് ചോര്‍ന്നതെന്നത് ആപ്പിള്‍ തന്നെ ശരിവയ്ക്കുന്നതിനു തുല്യമാണ് എന്നാണ് റിസേര്‍ച് സയന്റിസ്റ്റായ കാള്‍ കൊസ്ചര് അഭിപ്രായപ്പെട്ടത്. എന്നാല്‍
ആപ്പിളിന്റെ നിയമ വിദഗ്ധരുടെ സംഘം പറയുന്നത് ഐഒഎസിന്റെ ഐബൂട്ട് (iBoot) സോഴ്സ് കോഡാണ് പോസ്റ്റു ചെയ്യപ്പെട്ടത് എന്നാണ്.
ഇതാകട്ടെ, ഐഒഎസ് ഉപകരണങ്ങള്‍ സുരക്ഷിതമായി ബൂട്ടാകുന്നുവെന്ന് ഉറപ്പാക്കുന്ന കോഡാണ്. ഇത് ഓപ്പണ്‍ സോഴ്സ് അല്ല. ആപ്പിളിന്റെ സ്വന്തമാണ്. കൃത്യമായി പറഞ്ഞാല്‍ ഐഒഎസ് 9.3 യുടെ കോഡാണിത്. ഫോണ്‍ അല്ലെങ്കില്‍ ഐപാഡ് ഓരോ തവണയും സ്റ്റാര്‍ട്ട് ആകുമ്പോള്‍ ബൂട്ട് പ്രക്രിയ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കുന്ന ചുമതലയാണ് ഐബൂട്ടിന്റേത്. ഈ ഐബൂട്ടാണ് ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ തുടരെ വരുന്ന പ്രൊസസുകള്‍ ഓരോന്നും ആപ്പിള്‍ തന്നെ സൃഷ്ടിച്ചതാണ് എന്നുറപ്പാക്കുന്നത്.
എന്തായാലും സാധാരണ ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ചോര്‍ന്ന കോഡ് ഉപയോഗിച്ച് ഒരു ഫോണ്‍ ഹാക്കിംഗ് ചെയ്യാന്‍ ഹാക്കറുടെ കൈയ്യില്‍ ആ ഫോണ്‍ എത്തുകയും അയാള്‍ക്ക് ഹാക്കു ചെയ്ത ഒഎസ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്തെങ്കില്‍ മാത്രമെ സാധിക്കുകയുള്ളു എന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്തായാലും ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്കു മാറാന്‍ എല്ലാ ആപ്പിള്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്നും വിദഗ്ദര്‍ ഉപദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല