സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ എഫ് 16 യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു; മേഖലയില്‍ സംഘര്‍ഷ സാധ്യത. സിറിയന്‍ മണ്ണില്‍നിന്നയച്ച ഇറാന്റെ ഡ്രോണ്‍ ഇസ്രേലി മേഖലയില്‍ കടന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ വ്യോമാക്രമണത്തിനായി യുദ്ധവിമാനങ്ങള്‍ അയച്ചത്. സിറിയന്‍ വിമാനവേധ തോക്കുകളില്‍നിന്നുള്ള വെടിയേറ്റ ഇസ്രേലി യുദ്ധവിമാനം വടക്കന്‍ ഇസ്രയേലിലെ ജസ്‌റേല്‍ താഴ്‌വരയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
രണ്ടു ഇസ്രയേലി പൈലറ്റുമാരും പാരഷ്യൂട്ട് ഉപയോഗിച്ചു രക്ഷപ്പെട്ടു. ഒരു പൈലറ്റിന്റെ നില ഗുരുതരമാണ്. ഇതേസമയം രണ്ട് എഫ്16 വിമാനങ്ങള്‍ക്കു വെടിയേറ്റെന്നു സിറിയന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. ഇസ്രയേല്‍ ഇതിനു മുന്പും സിറിയയിലെ ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ടെങ്കിലും യുദ്ധവിമാനം നഷ്ടപ്പെടുന്നത് ആദ്യമാണ്. തങ്ങളുടെ വിമാനങ്ങള്‍ ഇറേനിയന്‍ ഡ്രോണിനെ( പൈലറ്റില്ലാ വിമാനം) താഴെയിറക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഡ്രോണ്‍ അയച്ച ഇറാന്റെ നടപടി ക്ഷമിക്കാവുന്നതല്ല. സിറിയയും ഇറാനും തീകൊണ്ടാണു കളിക്കുന്നതെന്ന് ഓര്‍മ വേണമെന്ന് ഇസ്രേലി സൈനികവക്താവ് ജോനാഥന്‍ കോര്‍ണിക്കസ് പത്രലേഖകരോടു പറഞ്ഞു. ഡ്രോണ്‍ ഇസ്രേലി വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്നും ഇസ്രയേല്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും സിറിയയും ഇറാനും പറഞ്ഞു.
മേഖലയിലെ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരം ശേഖരിക്കുന്നതിനുള്ള പതിവു പറക്കലിലായിരുന്നു ഡ്രോണെന്നു സിറിയ അറിയിച്ചു. എഫ്16 വെടിവച്ചിട്ടത് മുന്നറിയിപ്പാണെന്ന് ഇറാന്‍ പറഞ്ഞു. ഇസ്രയേല്‍ സിറിയയില്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കേണ്ട കാലമായി. ഇനിയും ആക്രമണത്തിനു മുതിര്‍ന്നാല്‍ വന്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ സമിതി വക്താവ് മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല