സ്വന്തം ലേഖകന്‍: ‘ഇന്ത്യന്‍ പതാകയല്ലേ! അതൊന്ന് നിവര്‍ത്തി പിടിച്ച് പോസ് ചെയ്യൂ!’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഇന്ത്യന്‍ ആരാധികക്ക് അഫ്രിദി കൊടുത്ത സമ്മാനം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയിലാണ് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ സൗഹാര്‍ദപരമായ നീക്കം. ഇന്ത്യയും പാകിസ്താനുള്ള തമ്മിലുള്ള അസ്വാസരസ്യങ്ങളുടെ മഞ്ഞുരുക്കുന്നതായിരുന്നു അഫ്രീദി ഒരു ഇന്ത്യന്‍ ആരാധികയ്ക്ക് കൊടുത്ത സമ്മാനം.
പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വീരേന്ദര്‍ സെവാഗിന്റെ ടീമിനെ തോല്‍പിച്ച് അഫ്രീദിയുടെ റോയല്‍സ് വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളെ കാണാനും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും ആരാധകര്‍ തിരക്ക് കൂട്ടിയത്. ആരേയും പാക് താരം നിരാശരാക്കിയില്ല. ആരാധകരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ പതാകയേന്തി ഒരു ആരാധികയുമുണ്ടായിരുന്നു. അഫ്രീദിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ആ ആരാധികയും തിരക്കുകൂട്ടി. അഫ്രീദി അടുത്തെത്തിയപ്പോള്‍ ആരാധിക ഫോട്ടോ എടുക്കാനായി അനുവാദം ചോദിക്കുകയും ചെയ്തു.
ആരാധികയുടെ ആഗ്രഹം പോലെ അഫ്രീദി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ അതിനിടയിലാണ് ആരാധികയുടെ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക അഫ്രീദി കണ്ടത്. തുടര്‍ന്ന് ആരാധികയോട് പതാക നിവര്‍ത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ പതാകയോട് അഫ്രീദി കാണിച്ച ബഹുമാനം എല്ലാവരുടെ ഹൃദയം കവര്‍ന്നു. ഇതിന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം അഫ്രീദിയെ അഭിനന്ദിച്ചും നിരവധി പോസ്റ്റുകളും ട്വീറ്റുകളും പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല