സ്വന്തം ലേഖകന്‍: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 യാത്രക്കാരും കൊല്ലപ്പെട്ടു; ആകാശത്ത് തീഗോളം കണ്ടതായി ദൃക്സാക്ഷികള്‍. ദോമജിയദവ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണു മോസ്കോയ്ക്കു സമീപം അര്‍ഗുനോവോ ഗ്രാമത്തില്‍ തകര്‍ന്നത്. വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. 71 പേരും കൊല്ലപ്പെട്ടതായാണു വിവരം.
യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ‘ടാസ്’ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ഉറല്‍സ് നഗരത്തിലെ ഓസ്കിലേക്കു പറക്കുകയായിരുന്നു വിമാനം. ഇതിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയതായി സര്‍ക്കാരും ഔദ്യോഗികമായി അറിയിച്ചു. ആകാശത്തു നിന്നു കത്തിയമര്‍ന്ന വിമാനം തീഗോളമായി താഴേക്ക് പതിക്കുന്നതു കണ്ടതായി അര്‍ഗുനോവോ ഗ്രാമവാസികളും മാധ്യമങ്ങളോടു പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നു വീണത്. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. അതിനു മുന്നോടിയായി ആശയവിനിമയ ബന്ധവും നഷ്ടപ്പെട്ടു. എന്നാല്‍ കാരണം വ്യക്തമല്ല. ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍– 148 വിമാനമാണു തകര്‍ന്നു വീണത്. ഉക്രേനിയന്‍ കമ്പനിയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല