സ്വന്തം ലേഖകന്‍: ‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ച ആള്‍ക്കെതിരെ അമല പോള്‍ നിയമനടപടി സ്വീകരിച്ച സംഭവത്തിനു പിന്നാലെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം. സിനിമയില്‍ നിന്നും നിരവധിയാളുകളാണ് അമലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ അമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങളുണ്ടെന്നും കൃത്യമായി നടപടി സ്വീകരിച്ച പോലീസിന് നന്ദിയുണ്ടെന്നും വിശാല്‍ ടീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമല. ‘എനിക്കൊപ്പം നില്ക്കുന്നതിനും ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പ് വരുത്തിയതിനും നന്ദി. ഇത് എല്ലാ സ്ത്രീകളുടെയും കടമയാണ്. ഇത്തരം സംഭവങ്ങള്‍ വിട്ടുകളയരുത്. നമുക്ക് വേണ്ടി നാം ഉയര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു. അയാളുടെ ചങ്കുറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി,’ അമല കുറിച്ചു.
വിദേശത്ത് നടക്കുന്ന ഒരു പരിപാടിയുടെ ഭാഗമായി ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ നൃത്ത പരിശീലനത്തിനിടെയാണ് സംഭവം നടക്കുന്നത്. തനിച്ചിരിക്കുമ്പോള്‍ അയാള്‍ തന്റെ അരികില്‍ വന്ന് അശ്ലീലം പറയുകയായിരുന്നുവെന്ന് അമല പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ വ്യവസായിയായ അഴകേശന് എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല