സ്വന്തം ലേഖകന്‍: കല്ലിന്മേല് കല്ല് ശേഷിക്കാതെ തരിപ്പണമായി ഇറാക്ക്; പുനര്‍നിര്‍മാണത്തിന് വേണ്ടത് അഞ്ചര ലക്ഷം കോടി രൂപ. മൂന്നു വര്‍ഷത്തിലേറെ നീണ്ട ഐ.എസ് വിരുദ്ധ യുദ്ധത്തിനൊടുവില്‍ തകര്‍ന്നുതരിപ്പണമായ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് ഏറ്റവും ചുരുങ്ങിയത് 8820 കോടി ഡോളര്‍ (അഞ്ചര ലക്ഷം കോടി രൂപ) വേണമെന്ന് രാജ്യാന്തര ദാതാക്കളുടെ സമ്മേളനത്തില്‍ ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിന്റെ നാലിലൊന്ന് തുക അടിയന്തരമായി ലഭിച്ചാലേ ഇറാഖ് ജനതക്ക് മുന്നോട്ടുപോകാനാകൂ എന്ന് കുവൈത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇറാഖ് ആസൂത്രണ മന്ത്രി ഖുസയ്യ് അബ്ദുല്‍ ഫത്താഹ് പറഞ്ഞു. വിദേശ രാഷ്ട്രങ്ങളിലെയും മുന്‍നിര കമ്പനികളിലെയും 1900 ത്തോളം പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വീടുകള്‍, ഹോസ്പിറ്റലുകള്‍, സ്കൂളുകള്‍, റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം കനത്ത ബോംബിങ്ങില്‍ തകര്‍ന്നിട്ടുണ്ട്.
ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ക്കപ്പെട്ടതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. 25 ലക്ഷം ഇറാഖികളാണ് അഭയാര്‍ഥികളായി കഴിയുന്നത്. ഭീകര വിരുദ്ധ പോരാട്ടത്തിനെന്ന പേരില്‍ ഇറാഖില്‍ കനത്ത വ്യോമാക്രമണത്തിന് നേതൃത്വം നല്കിയ യു.എസ് ഉള്‍പ്പെടെ സഖ്യകക്ഷി രാഷ്ട്രങ്ങളൊന്നും പക്ഷേ, സമ്മേളനത്തില്‍ ഇറാഖിനെ സഹായിക്കാന്‍ രംഗത്തുവന്നില്ലെന്നത് ശ്രദ്ധേയമായി. ചില സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് 33 കോടി രൂപ വാഗ്ദാനം ചെയ്തത് മാത്രമായിരുന്നു ആകെ ആശ്വാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല