സ്വന്തം ലേഖകന്‍: കൊടുവാള് കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; മലയാളി ഗുണ്ട പിടിയില്‍. തലവെട്ടി ബിനു (ബിനു പാപ്പച്ചന്–47) എന്നറിയപ്പെടുന്ന ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങല്‍. ഫെബ്രുവരി ആറിനു പിറന്നാള്‍ ആഘോഷത്തിനിടെ കൊടുവാള്‍കൊണ്ട് കേക്ക് മുറീക്കുന്ന ദൃശ്യം വൈറലായതിനെത്തുടര്‍ന്നാണു ബിനു കുടുങ്ങിയത്.
ആഘോഷത്തിനിടെ രാത്രിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 75 ഗുണ്ടകളും പിടിയിലായി. ഇവരില്‍ ഭൂരിപക്ഷവും പിടികിട്ടാപ്പുള്ളികളായിരുന്നു. രണ്ടു പേര് 18 വയസ്സിനു താഴെയുള്ളവരും. കൊലപാതകക്കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കെത്തിയ നൂറിലേറെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണു ബിനു രക്ഷപ്പെട്ടത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
മുപ്പതോളം കേസുകളാണു ബിനുവിനെതിരെയുളളത്. മൂന്നു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. അതിനിടെ പിറന്നാളാഘോഷത്തിനു സഹോദരന് ചെന്നൈയിലേക്കു ക്ഷണിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തോളം മറ്റു ഗുണ്ടകളുമായി തനിക്കു ബന്ധമുണ്ടായിരുന്നില്ലെന്നും ചെന്നൈയ്ക്കു പുറത്ത് ഒളിച്ചു താമസിക്കുകയായിരുന്നുവെന്നും ബിനു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല